വീടുകളിൽ ക്വാറൻ്റയിൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് മാറ്റണം - ജില്ലാ കലക്ടർ



രോഗവ്യാപനം തടയാൻ കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറൻ്റയിൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി. ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുടെ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ഡൊമിസിലിയറി കെയർ സെൻ്റർ സൗകര്യമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണം.

ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സക്കെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് കലക്ടർ പറഞ്ഞു.  കോവിഡ് പരിശോധനകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് ക്യാമ്പുകൾ നടത്തും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് കൺട്രോൾ റൂം ശക്തിപ്പെടുത്തണം. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നില്ലെങ്കിൽ പുനരാരംഭിക്കണം.  

ആശാ വർക്കർമാരെ കൂടി ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്പര്‍ക്ക പരിശോധന (കോണ്‍ട്രാക്ട് ട്രെയ്‌സിംഗ്) വര്‍ദ്ധിപ്പിക്കണം. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യണം.  ഒ.പികളിൽ പരിശോധനയ്ക്ക് എത്തുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. ടെസ്റ്റ്‌ ചെയ്യാൻ വിമുഖത കാണിച്ചാൽ അവരെ ക്വാറന്റൈൻ ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായും സമയബന്ധിതമായും ജാഗ്രത പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്നും കലക്ടർ പറഞ്ഞു.

ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി, മെഡിക്കല്‍ ഓഫീസര്‍മാർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post