
Pic courtesy:Aslugk
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിൽ വികസിപ്പിക്കുന്നതിന് ഡി.പി.ആർ. തയ്യാറാക്കുന്നതിന്റെ ഭാഗമായി കിറ്റ്‌കോ സംഘം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഡി.പി.ആർ. തയ്യാറാക്കുന്നതിന് റെയിൽവേ ലാൻഡ് ഡെവലപ്‌മെന്റ് ബോർഡ് കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞദിവസത്തേത് ഒരു പ്രാഥമിക സന്ദർശനം മാത്രമായിരുന്നു. വിശദറിപ്പോർട്ട് തയ്യാറാക്കാനായി വീണ്ടുമെത്തും.
സ്വകാര്യപങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ മാതൃകയിലാണ് റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നത്. ടൗൺഷിപ്പ് എന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചത്. പാർക്ക് ഉൾപ്പെടുന്ന അർബൻ പ്ലാസ, 1500 കാറുകൾക്കും അത്രതന്നെ ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം, കച്ചവടത്തെരുവ് തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. യു.എൽ.സി.സി. നേരത്തേ രൂപരേഖ തയ്യാറാക്കി റെയിൽവേക്കു സമർപ്പിച്ചിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതി ഇപ്പോഴാണ് വീണ്ടും സജീവമാവുന്നത്.