ബസ് സ്റ്റാൻഡിലേക്ക് ഇ–യാത്ര : സർക്കാർ 1500 ഓട്ടോ വാങ്ങും: സർവ്വീസ് തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് നഗരങ്ങളിൽ



തിരുവനന്തപുരം:കെഎസ്ആർടിസി സ്റ്റാൻഡിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനു പ്രഖ്യാപിച്ച ഇ–ഓട്ടോറിക്ഷ ഫീഡർ സർവീസിന് 1500 ഓട്ടോറിക്ഷകൾ സർക്കാർ വാങ്ങുന്നു.

കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് കോർപറേഷനാണ് ( കെടിഡിഎഫ്സി) ഓട്ടോറിക്ഷകൾ വാങ്ങുന്നത്. ഇവിടെ നിന്ന് ആർക്കും വാങ്ങാം. വായ്പയും സബ്സിഡിയും കെടിഡിഎഫ്സി നൽകും. ഇ–മൊബിലിറ്റി പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 11 കോടിയിൽ നിന്ന്, ഓട്ടോ വാങ്ങുന്നവർക്കു സബ്സിഡി നൽകും.

ഓരോ പ്രദേശത്തു നിന്നും യാത്രക്കാരെ കയറ്റി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിക്കുന്നതും ബസിൽ നിന്ന് ഇറങ്ങുന്നവരെ തിരികെ വീടുകളിൽ എത്തിക്കുന്നതുമാണ് പദ്ധതി. യാത്രക്കാർക്കു പണം ലാഭിക്കാൻ ഇത് ഷെയർ ഓട്ടോ സംവിധാനമാക്കും.

യാത്രക്കാർക്കു പ്രീപെയ്ഡ് കാർഡ് ഉപയോഗിച്ച് ബസ്, ഓട്ടോ ടിക്കറ്റെടുക്കാം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ബസ് ടിക്കറ്റെടുക്കുന്നവർക്ക് അവിടെ ഇറങ്ങിയ ശേഷം നഗരത്തിൽ പോകേണ്ട സ്ഥലം കൂടി പറഞ്ഞ് മുൻകൂട്ടി ഓട്ടോ ടിക്കറ്റെടുക്കാം. ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ ഓട്ടോറിക്ഷ കാത്തുനിൽക്കുന്നുണ്ടാകും. ആദ്യം തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് നഗരങ്ങളിൽ 30 ഇ–ഓട്ടോ വീതം പരീക്ഷണാർഥം പുറത്തിറക്കും. ഇതിനു ശേഷം 500 ഇ–ഓട്ടോകൾ വീതം ഈ 3 നഗരങ്ങളിലുമെത്തിക്കാനാണു തീരുമാനം.
Previous Post Next Post