മുക്കം: തെറ്റായ വിവരം നൽകി കബളിപ്പിച്ചയാൾക്കെതിരെ മുക്കം ഫയർഫോഴ്സ് അധികൃതർ മുക്കം പൊലീസിന് പരാതി നൽകി. ഓമശ്ശേരി വേനപ്പാറയിൽ കടയിൽ ഗ്യാസ് സിലിൻഡർ ചോർന്ന് തീപടർന്നതായും ഒരാൾ കടയിൽനിന്ന് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്നതായും വ്യാഴാഴ്ച രാത്രിയോടെ പെരിന്തൽമണ്ണ അഗ്നിരക്ഷ നിലയത്തിൽ വിളിച്ചറിയിക്കുകയായിരുന്നു. 9946391937 എന്ന മൊബൈൽ നമ്പറിൽനിന്ന് ഷാജഹാൻ എന്നയാളാണ് വിളിച്ചത്. സംഭവം നടന്നത് മുക്കം അഗ്നിരക്ഷ നിലയത്തിെൻറ പരിധിയിലായതിനാൽ പെരിന്തൽമണ്ണയിൽനിന്ന് വിവരം മുക്കം നിലയത്തിലേക്ക് കൈമാറുകയായിരുന്നു.
നമ്പറിലേക്ക് മുക്കം അഗ്നിരക്ഷ സേന തിരിച്ചുവിളിച്ചപ്പോൾ സംഭവം ശരിയാണെന്നും ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും സേന ഉടൻ സ്ഥലത്തെത്തി രക്ഷപ്പെടുത്തണമെന്നുമുള്ള വിവരമാണ് ലഭിച്ചത്. രാത്രി 10.40ഓടെ മുക്കം അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ വേനപ്പാറയിൽ എത്തിയെങ്കിലും സംഭവം നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. അഗ്നിരക്ഷ സേനാ നിലയത്തിൽനിന്നും ഒമ്പത് കിലോമീറ്റർ അകലെയുള്ള വേനപ്പാറയിൽ 14 മിനിറ്റുകൊണ്ടാണ് സേന കുതിച്ചെത്തിയത്. സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് കബളിപ്പിച്ചതാണെന്ന് അറിഞ്ഞത്.
പ്രസ്തുത നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോൾ അഗ്നിരക്ഷ സേന പെട്ടെന്ന് എത്തുമോ എന്നറിയാൻവേണ്ടി വിളിച്ചതാണെന്നായിരുന്നു മറുപടി. തുടർന്ന് സിവിൽ ഡിഫൻസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വേനപ്പാറ കരിമ്പിൽ ഷാജഹാൻ എന്നയാളാണ് കബളിപ്പിച്ചതെന്ന് കണ്ടെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻറിെൻറ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സർക്കാറിനുണ്ടായ നഷ്ടം എന്നിവ കണക്കിലെടുത്ത് ഇയാൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫയർ സ്റ്റേഷൻ ഓഫിസർ പൊലീസിൽ പരാതി നൽകിയത്.