കോഴിക്കോട്: ഫുട്ബോൾ ഭ്രാന്തൻമാരുടെ നാടായി അറിയപ്പെടുന്ന കോഴിക്കോട്ടേക്ക് സംസ്ഥാന കിരീടമെത്തുന്നത് മുപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം. 1988-ൽ കല്ലാനോട് നേടിയ കിരീടം എറണാകുളത്ത് വീണ്ടെടുക്കുകയായിരുന്നു കോഴിക്കോടിന്റെ യുവതാരങ്ങൾ.
ആദ്യമത്സരത്തിൽ പാലക്കാടിനെതിരേ വാക്കോവർ നേടിയ ടീം അടുത്തകളിയിൽ ആതിഥേയരായ എറണാകുളത്തെ എതിരില്ലാത്ത നാലുഗോളുകൾക്കാണ് തകർത്തത്. സെമിയിൽ കരുത്തരായ മലപ്പുറത്തെ സുഹൈലിന്റെ ഏക ഗോളിൽ വീഴ്ത്തി. തൃശ്ശൂരിനെതിരായ ഫൈനലിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലപാലിച്ചപ്പോൾ ടൈബ്രേക്കറിൽ വിജയം കോഴിക്കോടിനൊപ്പം നിന്നു. ഷൂട്ടൗട്ടിൽ മൂന്നു സേവുകൾ നടത്തിയ ഗോൾകീപ്പർ മുഹമ്മദ് ഫിയാസിന്റെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായി.
യുവ പരിശിലകനുകീഴിൽ യുവനിരയുടെ പോരാട്ടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മുൻ കേരളാ താരം വാഹിദ് സാലിയാണ് ടീമിനെ പരിശീലിപ്പിച്ചത്. ആദ്യ ശ്രമത്തിൽത്തന്നെ ടീമിനെ കിരീടമണിയിക്കാൻ വാഹിദിന് കഴിഞ്ഞു. കേരളാ സന്തോഷ് ട്രോഫി താരമായ ജിയാദ് ഹസനാണ് ടീമിനെ നയിച്ചത്. കോളേജ് താരങ്ങളാണ് ടീം അംഗങ്ങളിൽ ഭൂരിഭാഗവും.
കോവിഡിനെത്തുടർന്ന് ലീഗ് മത്സരങ്ങൾ മുടങ്ങിയപ്പോൾ ട്രയൽസിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്തത്. 600 താരങ്ങളാണ് സെലക്ഷന് എത്തിയിരുന്നത്. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ക്യാമ്പിനുശേഷമാണ് ടീം എറണാകുളത്തേക്ക് തിരിച്ചത്. ഏതാനും പരിശീലനമത്സരങ്ങളും ടീം കളിച്ചിരുന്നു.
എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് കോഴിക്കോടിന്റെ കീരീടനേട്ടമെന്ന് കെ.ഡി.എഫ്.എ.സെക്രട്ടറി ഇൻ ചാർജ് പി.സി. കൃഷ്ണകുമാർ പറഞ്ഞു. ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്ന് മാനേജർ എം.പി. ഹൈദ്രോസ് അഭിപ്രായപ്പെട്ടു.
ടീം: കെ.ഒ. ജിയാദ് ഹസൻ (ക്യാപ്റ്റൻ), പി. ബവീൻ നാരായണൻ, മുഹമ്മദ് ഫയാസ്, കെ.പി. അബ്ദുൽ സമീർ, ടി.പി. അമൽ, എൻ.കെ. അർഷാദ് സൂപ്പി, സി.വി. അഥർവ്, വി. ഷഹൂദ്, കെ. ശ്രാവൺ, പി.എൻ. നൗഫൽ, കെ. അബ്ദുൽറഹീം, എൻ.പി. അബ്ദുൽസാനിഫ്, ഇൻസാമുൽ ഹക്ക്, മലബാറി മുസ്താകിം അലി ഹംസ, എൻ.കെ. അനു അഫ്‌നാൻ, പി.ടി. അക്ഷയ്, എം.എ. സുഹൈൽ, മുഹമ്മദ് ഷാഫി, പി. അഭിജിത്, കെ. മുഹമ്മദ്, കെ. സനീഷ്. കോച്ച് വാഹിദ് സാലി, അസി. കോച്ച് സക്കീർ ഹുസൈൻ, മാനേജർ എം.പി. ഹൈദ്രോസ്.