ബീച്ച്‌ മലിനജലസംസ്‌കരണ പ്ലാന്റ്: ആദ്യഘട്ട പ്രവൃത്തി ഉടൻതുടങ്ങുംകോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ബീച്ചിൽ നിർമിക്കുന്ന മലിനജലസംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ടുള്ള ആദ്യഘട്ടപ്രവർത്തനങ്ങൾ ഈമാസം തുടങ്ങും.

ആവിക്കലിലും കോതിയിലുമാണ് പദ്ധതി. ആവിക്കലിൽ മലിനീകരണനിയന്ത്രണ ബോർഡിന്റെയും തീരസംരക്ഷണ നിയമപ്രകാരവുമുള്ള അനുമതിയായതോടെ ഇനി തുടർനടപടികളിലേക്ക് കടക്കാം.

പൈപ്പിട്ട് നെറ്റ്‌വർക്ക് ഒരുക്കുന്ന പണിയാണ് ആദ്യം. ഇതിനുള്ള സാധനസാമഗ്രികൾ എത്തിച്ചുതുടങ്ങി. കോതിയിലെ പദ്ധതിക്ക് തീരസംരക്ഷണനിയമപ്രകാരമുള്ള അനുമതിയാണ് ഇനിവേണ്ടതെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.

രണ്ടിടത്തുമായുള്ള പദ്ധതി 116.5 കോടിയുടേതായിരുന്നു. കോതിയിൽ 59.77 കോടി, ആവിക്കലിൽ 56.38 കോടി എന്നിങ്ങനെയായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ ഇത് 139.5 കോടിക്കാണ് ടെൻഡറായത്. പ്ലാന്റ് നിർമിക്കാൻ മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ട്‌സും പൈപ്പിടുന്നതിന് അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്‌ട്രെക്ചർ എന്നീ കമ്പനികളാണ് ടെൻഡറെടുത്തത്.

പൈപ്പിടുന്നതുൾപ്പെടെയുള്ള നെറ്റ്‌വർക്ക് ഒരുക്കുന്നതിന് 104.83 കോടിയാണ് കണക്കാക്കിയിട്ടുള്ളത്. പ്ലാന്റ് വന്നാൽ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ജനങ്ങൾക്ക് പ്രയാസമുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.

തീരമേഖലയിലുള്ള 98,000 പേർക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. കോതിയിലും ഉടൻതന്നെ അനുമതിയാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റ് പൂർത്തിയാക്കിയാൽ അഞ്ച് വർഷത്തേക്കുള്ള ചുമതല കരാർകമ്പനിക്ക് തന്നെയാവും.

റാംബയോളജിക്കൽസ് ആണ് വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയത്. പല കാരണങ്ങൾകൊണ്ടു നീണ്ടുപോയ പദ്ധതിയാണ് ഇപ്പോൾ പ്രാരംഭഘട്ടത്തിലേക്ക് കടക്കുന്നത്.
Previous Post Next Post