കുറ്റ്യാടി: വൈദ്യുതിബോർഡിന് കീഴിൽ ജില്ലയിൽ രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികൾക്കുകൂടി സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി. ചാത്തങ്കോട്ടുനട ഒന്നാംഘട്ടത്തിനും പശുക്കടവ് കുരുടൻകടവ് പദ്ധതിക്കുമാണ് അംഗീകാരം നൽകിയത്.
രണ്ടുപദ്ധതിക്കും ഭരണാനുമതി ലഭിച്ചെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ളവ അംഗീകരിച്ച് ഉത്തരവാകണം. അതിനുശേഷം ആദ്യഘട്ടമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ജില്ലയിൽ അനുമതിയായ മറ്റു ചെറുകിടപദ്ധതികളെല്ലാം കമ്മിഷൻ ചെയ്യുകയും പ്രതീക്ഷിച്ചതിലും കൂടുതൽ ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ രണ്ടു പദ്ധതികൾക്കുകൂടി സർക്കാരിൽനിന്ന് പച്ചക്കൊടി കിട്ടിയത്.
ചാത്തങ്കോട്ടുനട ഒന്നും രണ്ടും ഘട്ട പദ്ധതികളായിരുന്നു വൈദ്യുതിവകുപ്പ് വിഭാവനം ചെയ്തത്. എന്നാൽ, രണ്ടു പതിറ്റാണ്ടുമുമ്പ് നടന്ന സാധ്യതാപഠനത്തിൽ ഒന്നാംഘട്ട പദ്ധതി ലാഭകരമല്ലെന്നുകണ്ട് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, രണ്ടാംഘട്ടം ഗുണകരമായിരിക്കുമെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാംഘട്ടം ഒഴിവാക്കി പത്തുവർഷംമുമ്പ് രണ്ടാംഘട്ടത്തിന് നിർമാണാനുമതി ലഭിക്കുന്നത്. എന്നാൽ, രണ്ടാംഘട്ട പദ്ധതിയാകട്ടെ, സർക്കാരിന് വലിയ തലവേദനയുണ്ടാക്കി. ടെൻഡർ നൽകിയ നിർമാണം വർഷങ്ങളാണ് ഇഴഞ്ഞുനീങ്ങിയത്. ഒടുവിൽ നിയമനടപടികളിലൂടെ ആദ്യകരാർ ഒഴിവാക്കിയെടുക്കുമ്പോഴേക്കും രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതി പത്തുവർഷം പിന്നിട്ടുകഴിഞ്ഞിരുന്നു. പദ്ധതിച്ചെലവാകട്ടെ, പതിന്മടങ്ങ് കൂടുകയും ചെയ്തു. ഒടുവിൽ ഈ വർഷം ഫെബ്രുവരിയിലാണ് പദ്ധതി ഔദ്യോഗികമായി കമ്മിഷൻ ചെയ്തത്. ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്‌തെങ്കിലും രണ്ടാംഘട്ടത്തിൽനിന്ന് ഓഗസ്റ്റ് മുതലാണ് കൃത്യമായ ഉത്പാദനം തുടങ്ങിയത്. ആറ് മെഗാവാട്ടായിരുന്നു രണ്ടിന്റെ പ്രതീക്ഷിത സ്ഥാപിതശേഷിയെങ്കിലും മഴകൂടുന്ന സന്ദർഭങ്ങളിൽ ഉത്പാദനം കൂടിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.രണ്ടാംഘട്ടം കമ്മിഷൻ ചെയ്യുംമുമ്പുതന്നെ കെ.എസ്.ഇ.ബി. ഒന്നാംഘട്ടത്തിന്റെ പുനർസാധ്യതാപഠനത്തിന് സർക്കാരിലേക്ക് ശുപാർശ ചെയ്തിരുന്നു. അത് കണക്കിലെടുത്താണ് ഒന്നാംഘട്ടത്തിന്റെ സാധ്യതാപഠനത്തിന് അനുമതി കിട്ടുന്നത്. ഈ പഠനത്തിൽ പദ്ധതി ലാഭകരമായിരിക്കുമെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
നിലവിലെ ചാത്തങ്കോട്ടുനട പദ്ധതിയോടുചേർന്നുള്ളതായിരിക്കും ഒന്നാംഘട്ട പദ്ധതിയും. കാവിലുമ്പാറയിലെ കരിങ്ങാട്, പൂതമ്പാറ പുഴകളിലെ വെള്ളമാണ് രണ്ടാംഘട്ട പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നതെങ്കിൽ, ഒന്നാംഘട്ടത്തിന് പൂതമ്പാറ, ചാപ്പൻതോട്ടം പുഴകളിലെ വെള്ളമായിരിക്കും ഉപയോഗപ്പെടുത്തുക. അഞ്ച് മെഗാവാട്ട് സ്ഥാപിതശേഷിയാണ് നിർദിഷ്ട ഒന്നാംഘട്ട പദ്ധതി വഴി പ്രതീക്ഷിക്കുന്നത്. 10.3 ഹെക്ടർ സ്വകാര്യഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്.
ഒന്നാംഘട്ടം പണി പൂർത്തിയാവുന്നതോടെ നിലവിലെ രണ്ടാംഘട്ടത്തിന്റെ ഉത്പാദനക്ഷമത കൂട്ടാനാവുമെന്നും വൈദ്യുതിബോർഡ് കണക്കുകൂട്ടുന്നു.
പശുക്കടവ് കുരുടൻ കടവിലേത് താരതമ്യേന ചെറിയപദ്ധതിയാണ്. തടയണ കെട്ടി സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഒഴുക്കാതെ നേരെ പെൻസ്‌റ്റോക്ക് പൈപ്പ് വഴി വൈദ്യുതനിലയത്തിലേക്കത്തിക്കുന്നവിധമാണ് ഇതിന്റെ രൂപകല്പന. അതുകൊണ്ട് കനാൽ നിർമിക്കേണ്ടതില്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ടതാകട്ടെ, വളരെകുറച്ച് ഭൂമി മാത്രവും. രണ്ടു മെഗാവാട്ടാണ് സ്ഥാപിതശേഷി.