കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം : 2 പാലങ്ങളുടെ അറ്റകുറ്റപ്പണി നടത്തും


ലിന്റോ ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ മുക്കത്തെ ഓഫീസിൽ ചേർന്ന പ്രവൃത്തി അവലോകനയോഗം

   
മുക്കം: റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ രണ്ടു പാലങ്ങളുടെ അറ്റകുറ്റപ്പണികൂടി നടക്കും. തിരുവമ്പാടി മണ്ഡലത്തിലെ ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചിൽ ഉൾപ്പെടുന്ന അഗസ്ത്യൻമുഴി, മുക്കം പാലങ്ങളുടെ അറ്റകുറ്റപ്പണികളാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുക. ലിന്റോ ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ മുക്കത്തെ ഓഫീസിൽ ചേർന്ന പ്രവൃത്തി അവലോകനയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

തിരുവമ്പാടി മണ്ഡലത്തിൽ 13.52 കിലോമീറ്റർ ദൂരത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. എരഞ്ഞിമാവുമുതൽ മുക്കം പാലംവരെയുള്ള ഭാഗം 10 മീറ്റർ വീതിയിലും മുക്കംമുതൽ ഓമശ്ശേരി വരെയുള്ള ഭാഗം ഏഴുമീറ്റർ വീതിയിലുമാണ് ടാർ ചെയ്യുക. ഈ ദൂരത്തിനിടയിൽ പരമാവധി വീതിയിൽ രണ്ടു വശത്തും ഓവുചാലുകൾ കീറി റോഡരികിൽ മണ്ണിട്ട് ബലപ്പെടുത്തും. നടപ്പാത നിർമിക്കുന്നതിന് അനുമതി ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഈ റീച്ചിൽ 31 കലുങ്കുകൾ പണിയും. ഓവുചാലുകൾക്കു മീതെ നടപ്പാത തയ്യാറാക്കാനും പ്രധാന അങ്ങാടികളിൽ നടപ്പാതയ്ക്കു മുകളിലൂടെ ടൈലുകൾ വിരിക്കുന്നതിനും ഹാൻഡ്‌ റെയിലുകൾ സ്ഥാപിക്കുന്നതിനും അനുമതി തേടാനും യോഗം തീരുമാനിച്ചു. 12 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും 30 കേന്ദ്രങ്ങളിൽ തെരുവുവിളക്കുകളും മൂന്നിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നയിടങ്ങളിൽ റോഡ് ഉയർത്തുന്നതിനും തീരുമാനമായി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പ്രോജക്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയുടെ കരാർ ശ്രീധന്യ കൺസ്ട്രക്‌ഷൻസ് കമ്പനിക്കാണ്.

എം.എസ്.വി. ഇന്റർനാഷണൽ, ജെ.എസ്.വി. അസോസിയേറ്റ്‌സ് എന്നീ കമ്പനികളാണ് പ്രോജക്ടിന്റെ കൺസൾട്ടൻസി ഏറ്റെടുത്തിരിക്കുന്നത്. യോഗത്തിൽ എം.എൽ.എ.യ്ക്കുപുറമേ മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, കെ.എസ്.ടി.പി. എൻജിനിയർമാർ, കൺസൾട്ടൻസി, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Previous Post Next Post