കോഴിക്കോട് കളിയാരവത്തിലേക്ക്; ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം


കോഴിക്കോട്:കോവിഡ് മഹാമാരി കാലത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കാല്‍പന്ത് കളിയാരവത്തിലേക്ക്. 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ജില്ലയില്‍ നാളെ (നവംബര്‍ 28) തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. നവംബര്‍ 28 ന് രാവിലെ 9 മണിക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കണ്ണൂര്‍, കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാല് സ്റ്റേഡിയങ്ങളിലായി നവംബര്‍ 28ന് ആരംഭിച്ച് ഡിസംബര്‍ 9 വരെ നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, കൂത്തുപറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിലും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് ശേഷം 2.30 നുമായി ദിവസം രണ്ട് കളിയാണ് നടക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ഗ്രൂപ്പ് ഇ,ജി യിലെ 8 ടീമുകളുടെ മത്സരങ്ങള്‍ കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലും ഗ്രൂപ്പ് എഫ്.എച്ച് ലെ 8 ടീമുകളുടെ മത്സരങ്ങള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക. മറ്റു ഗ്രൂപ്പ് മത്സരങ്ങള്‍ കൂത്തുപറമ്പ് സ്റ്റേഡിയത്തിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രാണ്ടിലുമായി നടക്കും.

ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരം സംസ്ഥാന കായിക വകുപ്പ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകള്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയര്‍മാനായും ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ജനറല്‍ കണ്‍വീനറായും രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും സംഘാടക സമിതി കണ്‍വീനറുമായ ഒ.രാജഗോപാല്‍, ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സപ്‌ന രവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. സുലൈമാന്‍, കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സി.ഒ.ഒ അരുണ്‍ കെ നാണു, കെ.ഡി.എഫ്.എ സെക്രട്ടറി കൃഷ്ണകുമാര്‍, കെ.എഫ്.ആര്‍.എ സെക്രട്ടറി സാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post