കിനാലൂർ: എയിംസ്(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാനുദ്ദേശിക്കുന്ന കിനാലൂരിലെ നിര്‍ദ്ദിഷ്ട സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. കിനാലൂരിലെ കെ. എസ്. ഐ. ഡി. സിയുടെ കൈവശമുള്ള സ്ഥലത്ത് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 150 മുതല്‍ 200 ഏക്കര്‍ വരെ സ്ഥലം ഇവിടെ ലഭ്യമാണ്. ഉടൻ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കിനാലൂര്‍, കാന്തലോട് വില്ലേജുകളിലായി കെ. എസ്. ഐ. ഡി. സിയുടെ കൈവശമുള്ള 140ഓളം ഏക്കര്‍ സ്ഥലം നിലവില്‍ ലഭ്യമാണ്. അത് ഡി.എം.ഇയുടെ പേരിലേക്ക് മാറ്റുക എന്നുള്ളതാണ് ഔദ്യോഗിക നടപടി. ലാന്റ് മാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാകലക്ടറുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി യോഗങ്ങള്‍ ചേര്‍ന്ന് മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.
സച്ചിന്‍ ദേവ് എം.എല്‍.എ, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണന്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം എ നവീന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.