കോഴിക്കോട്: ബീച്ചില്‍ കൂട്ടുകാരോടൊപ്പം ഇരുന്ന യുവാവിനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി നിവാസിയായ സുനിൽ എന്ന റഫീഖിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോഴിക്കോട് ശാന്തിനഗർ സ്വദേശി ദ്വാരകയിൽ രതീഷ്(38) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 3 ന് രാത്രി ശാന്തിനഗർ കോളനി ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന സുനിലിനെ മുൻ വൈരാഗ്യത്താൽ പ്രതി രതീഷ് കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തലയ്ക്ക് വെട്ടേറ്റ സുനിൽ ഓടി രക്ഷപ്പെട്ടതിനാലാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതി രതീഷ് മുൻപ് ചില കേസിലെ കൂട്ടുപ്രതികളായ ചിലരുടെ സഹായത്തോടെ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ് പ്രതി രഹസ്യമായി തമിഴ്നാട്ടിലേക്ക് കടന്നു. പ്രതി ചെന്നൈയിൽ ഒളിവിൽ താമസിക്കുന്നതായ വിവരം ലഭിച്ച പൊലീസ് അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് രതീഷ് കോഴിക്കോട്ടേക്ക് എത്തമെന്ന വിവരം ലഭിച്ചത്. ചില സുഹൃത്തുക്കളെ കണ്ട് ഒളിവിൽ താമസിക്കുന്നതിന് പണം സംഘടിപ്പിക്കുന്നതിനായി കോഴിക്കോടേക്ക് വരാൻ സാധ്യതയുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് ഞായറാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും വെള്ളയിൽ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ നേമം, പൂജപ്പുര സ്റ്റേഷനുകളിലായി വധശ്രമത്തിനും, വീടുകയറി ആക്രമണം നടത്തിയതിനും, കവർച്ചക്കും, കൂട്ടക്കവർച്ചക്കിടെ ആയുധമുപയോഗിച്ച് മാരകമായ പരിക്കേൽപ്പിച്ചതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ട്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐ സനീഷ്.യു, എ.എസ്.ഐ ദീപു കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ.എൻ, സിപിഒ മാരായ ജയചന്ദ്രൻ.എം, പ്രസാദ്.കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:
Crime