Pic:Roshan Ranjith
കോഴിക്കോട്: കെ-റെയിലും ലൈറ്റ് മെട്രോയും വന്നാലുണ്ടാവുന്ന മാറ്റം ഉൾപ്പെടുത്തി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിന് പദ്ധതി തയ്യാറാക്കി. സ്റ്റേഷനു പടിഞ്ഞാറുഭാഗത്തായി പുതിയ രണ്ട് ട്രാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി റിപ്പോർട്ട് അടുത്ത ദിവസംതന്നെ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരുടെ അംഗീകാരത്തിനായി കിറ്റ്കോ സമർപ്പിക്കും. ഡി.ആർ.എമ്മിന്റെ അനുമതി കിട്ടിയശേഷമായിരിക്കും പൂർണമായും സ്വകാര്യ പങ്കാളിത്തത്തോടെയാണോ ഇ.പി.സി. മാതൃകയിലാണോ പദ്ധതി നടപ്പാക്കുന്നതെന്ന അന്തിമ തീരുമാനമെടുക്കുക.
ഇതനുസരിച്ചായിരിക്കും ഡി.പി.ആർ. (വിശദ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് നീങ്ങുക. ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് എം.കെ. രാഘവൻ എം.പി. ആവശ്യപ്പെട്ടു.
സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ 23 റെയിൽവേ സ്റ്റേഷനുകളിൽ കോഴിക്കോടും ഇടംനേടിയിട്ടുണ്ട്. വിമാനത്താവള മാതൃകയിലുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.
വാണിജ്യ സമുച്ചയങ്ങൾ 1500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനം എന്നിവ പദ്ധതിയിലുണ്ട്. നേരത്തേ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വേണ്ടി ഹൈദരാബാദിലെ സ്വകാര്യ ഏജൻസി രൂപരേഖ തയ്യാറാക്കി നൽകിയിരുന്നു. അതിനുശേഷമാണ് ഡി.പി.ആർ. തയ്യാറാക്കാൻ റെയിൽവേ ലാൻഡ് ഡെവലപ്മെൻറ് ബോർഡ് സംസ്ഥാനസർക്കാർ ഏജൻസിയായ കിറ്റ്കോയെ ചുമതലപ്പെടുത്തിയത്. പദ്ധതി റിപ്പോർട്ടിന് ഡി.ആർ.എമ്മിന്റെ തത്ത്വത്തിലുള്ള അംഗീകാരം മതി. പദ്ധതി നടപ്പാക്കുന്നത് റെയിൽവേ ലാൻഡ് ഡെവലപ്മെൻറ് ബോർഡാണ്.
നിർദിഷ്ട കെ-റെയിൽ പദ്ധതിയുടെ ഭാഗമായി ഭൂഗർഭസ്റ്റേഷനാണ് കോഴിക്കോട്ട് വരുന്നത്. ലൈറ്റ് മെട്രോ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ഭാഗത്തായിരിക്കും. അതുകൊണ്ട് നേരത്തേയുള്ള സ്റ്റേഷൻ വികസന പദ്ധതിയിൽനിന്ന് വലിയ മാറ്റങ്ങളാണ് പുതിയ പദ്ധതിയിലുണ്ടാകുക.