ബാലുശ്ശേരി: ടൗൺ നവീകരണ പ്രവൃത്തിയുടെ കരാറുകാരനെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ ടെൻഡർ വിളിച്ചു രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ തീരുമാനം.
നവീകരണപ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തിയതിനെത്തുടർന്നാണ് കരാറുകാരനെ പിരിച്ചുവിട്ടത്. മൂന്നുവർഷംമുമ്പ് തുടങ്ങിയ പ്രവൃത്തി ഇപ്പോഴും പാതിവഴിയിലാണ്.
പണി വേഗം പോരെന്ന പരാതിയെത്തുടർന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി താക്കീത് ചെയ്തിട്ടും കരാറുകാരൻ അവഗണിക്കുകയായിരുന്നു. പണിയുടെ ഗുണമേൻമ സംബന്ധിച്ചും ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കെ.എം. സച്ചിൻദേവ് എം.എൽ.എ.യാണ് ജില്ലാ വികസനസമിതിയോഗത്തിൽ ഇയാളെ പിരിച്ചുവിടാൻ നിർദേശിച്ചത്. സർക്കാരിന്റെയും പൊതുജനങ്ങളുടെയും ക്ഷമപരീക്ഷിക്കുന്ന നടപടികളാണ് കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് എം.എൽ.എ. യോഗത്തിൽ ചൂണ്ടിക്കാട്ടിയത്.
പദ്ധതിക്കായി മൂന്നുകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നത്. പോലീസ് സ്റ്റേഷനുമുന്നിൽനിന്ന് ചിറക്കൽക്കാവ് ക്ഷേത്രംവരെ ഓവുചാൽ നവീകരണം, നടപ്പാതനിർമാണം, ടൈൽപാകൽ, കൈവരി സ്ഥാപിക്കൽ, റോഡ് നവീകരണം തുടങ്ങിയവയാണ് പ്രവൃത്തിയുടെ ഭാഗമായുണ്ടായിരുന്നത്. നടപ്പാതനിർമിച്ച് ടൈൽ പാകൽ പകുതിദൂരം പിന്നിട്ടിട്ടുണ്ട്. കൈവരിസ്ഥാപിക്കൽ പൂർണമായും ബാക്കിയാണ്.
Tags:
Balussery