ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യമാകുന്നു; കിഫ്ബി 2134 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

കള്ളാടിയിൽനിന്ന് ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും.


പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡ് മാറും. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.

2020 സെപ്റ്റംബറിലാണ് നിർദിഷ്ട പാതയുടെ സർവേ തുടങ്ങിയത്. കഴിഞ്ഞ പിണറായി സർക്കാർ കിഫ്ബിയിൽനിന്ന് 658 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു. നിർമാണം തുടങ്ങി മൂന്നുവർഷത്തിനകം തുരങ്കപാത പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


Previous Post Next Post