കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം വെട്ടിച്ചുരുക്കാനുള്ള നടപടി റദ്ദാക്കികരിപ്പൂർ:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നീളംകുറയ്ക്കാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കി. റിസ നിർമാണവും റൺവേ നീളംകുറയ്ക്കുന്നതും നവീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് വേണ്ടെന്ന് വെച്ചത്. കഴിഞ്ഞ മാസമാണ് റൺവേ നീളംകുറച്ച് റിസ (റിയർ എൻഡ് സേഫ്റ്റി ഏരിയ) നിർമിക്കാനുള്ള പദ്ധതിക്ക് എയർപ്പോർട്ട് അതോറിറ്റി അനുവാദം നൽകിയത്.

റൺവേ റീ കാർപ്പറ്റിങ് (ടാറിങ്), റൺവേക്ക് നടുവിൽ വിളക്കുകൾ സ്ഥാപിക്കുക, റൺവേ 300 മീറ്റർ നീളംകുറച്ച് റിസ 240 മീറ്ററായി വർധിപ്പിക്കുക, ഐ.എൽ.എസ്. സംവിധാനവും റൺവേ അപ്രോച്ച് ലൈറ്റുകളും മാറ്റി സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ട പ്രോജക്ടിനാണ് എയർപ്പോർട്ട് അതോറിറ്റി അനുമതി നൽകിയത്.

റൺവേ നീളം കുറക്കാനുള്ള തീരുമാനത്തിനെതിരേ നിരവധി കേന്ദ്രങ്ങളിൽനിന്ന് ആക്ഷേപമുയർന്നിരുന്നു. 2700 മീറ്ററുള്ള കോഴിക്കോട്ടെ റൺവേ 2,545 മീറ്ററായി കുറയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.

നിലവിൽ റൺവേയുടെ ഷൂട്ട് ഔട്ട് മേഖലയിൽ (വിമാനം ഇറങ്ങുന്ന കിഴക്കുഭാഗത്തിന്റെ അവസാനം ) 240 മീറ്ററും മറുഭാഗത്ത് 90 മീറ്ററുമാണ് റിസ ഉള്ളത്. ഇത് ഇരുഭാഗങ്ങളിലും 240 മീറ്ററാക്കാനാണ് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചിരുന്നത്. ഇത് നടപ്പായാൽ കോഡ് ഇ ഇനത്തിൽ വരുന്ന വലിയ വിമാനങ്ങൾക്ക് കോഴിക്കോട് ഇറങ്ങുക അസാധ്യമാവുമായിരുന്നു. റൺവേ നീളംകുറയ്ക്കുന്നപക്ഷം നിലവിലുള്ള ഐ.എൽ.എസ്. സംവിധാനവും മറ്റ് സാങ്കേതിക ഉപകരണങ്ങളും മാറ്റി സ്ഥാപിക്കേണ്ടി വരുമായിരുന്നു.ഇതിനെ വിമാനത്താവളത്തെ തകർക്കാനായുള്ള നീക്കമായാണ് വിലയിരുത്തിയത്. കേരളത്തിൽ നിന്നുള്ള എം.പി.മാരുടെ സംഘം കേന്ദ്ര സഹമന്ത്രി. വി. മുരളീധരന്റെ നേതൃത്വത്തിൽ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചർച്ച നടത്തിയിരുന്നു. റൺവേ നീളം കുറക്കില്ലെന്ന് മന്ത്രി സംഘത്തിന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

പദ്ധതി ഉപേക്ഷിച്ചെങ്കിലും റിസ നിർമിക്കുന്നതിൽ എന്ത് തീരുമാനം വരുമെന്ന് അടുത്ത ദിവസങ്ങളിലെ അറിയാനാവൂ എന്നാണ് കോഴിക്കോട് വിമാനത്താവള അധികൃതർ പറയുന്നത്.


Previous Post Next Post