വടകര: നിർദിഷ്ട തിരുവനന്തപുരം-കാസർകോട് ജലപാതയിൽപ്പെട്ട വടകര-മാഹി കനാലിൽ പുതിയ മൂന്ന് പാലങ്ങൾക്കുകൂടി പദ്ധതി. കോട്ടപ്പള്ളി, കളിയാംവെള്ളി, തയ്യിൽ പാലങ്ങൾക്കാണ് സംസ്ഥാന ഉൾനാടൻ ജലഗതാഗതവകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിൽ കോട്ടപ്പള്ളി, കളിയാംവെള്ളി എന്നിവിടങ്ങളിൽ നിലവിലുള്ള പാലം പൊളിച്ചാണ് ദേശീയ ജലപാതാ മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ പാലം നിർമിക്കുക. തയ്യിലേത് പുതിയ പാലമാണ്.
വടകര-മേമുണ്ട-ആയഞ്ചേരി റോഡിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണ് കോട്ടപ്പള്ളി പാലം. മാഹി കനാൽ കടന്നാണ് ഈ റോഡ് പോകുന്നത്. പുതിയ പാലത്തിന്റെ ഡിസൈൻ തയ്യാറായശേഷം എസ്റ്റിമേറ്റ് എടുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ജല അതോറിറ്റിയുടെ പൈപ്പ് ഈ പാലത്തിനരികിലെ ചെറിയൊരു പാലം വഴി കടന്നുപോകുന്നുണ്ട്. ഇതുൾപ്പെടെ മാറ്റേണ്ടതുണ്ട്. ഇതിന്റെ വിവരം ജല അതോറിറ്റിയിൽനിന്ന് കിട്ടാൻ കാത്തിരിക്കുകയാണ് ഉൾനാടൻ ജലഗതാഗതവിഭാഗം. ഒരാഴ്ചകൊണ്ട് എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിക്കും.
നിലവിലുള്ള പാലം പൊളിച്ച് അതേസ്ഥലത്ത് പുതിയ പാലം നിർമിക്കുമ്പോൾ ഗതാഗതം സുഗമമാക്കാൻ ബദൽമാർഗങ്ങൾ ഇവിടെ ഒരുക്കേണ്ടിവരും. കനാലിനുകുറുകെ താത്കാലികപാലവും റോഡും ഒരുക്കാനാണ് പദ്ധതി. ഇതും എസ്റ്റിമേറ്റിലുണ്ടാകും. പ്രവൃത്തി തുടങ്ങി വേഗത്തിൽത്തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതേരീതി തന്നെയായിരിക്കും കളിയാംവെള്ളിയിലും അവലംബിക്കുക. വടകര-നാദാപുരം-കുറ്റ്യാടി റൂട്ടിലാണ് ഈ പാലമുള്ളത്. തിരക്കേറിയ റൂട്ടായതിനാൽ ഗതാഗതത്തിന് ബദൽമാർഗം അനിവാര്യമാണ്. ഈ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു.
ഡിസൈൻ നേരത്തെ കിട്ടി. കളിയാംവെള്ളിക്കും മാഹിപ്പുഴയ്ക്കും ഇടയിലാണ് തയ്യിൽപാലം. നിലവിൽ ഇവിടെ പാലമില്ല. പുതിയ പാലത്തിന് ശുപാർശയുള്ളതുകൊണ്ടുതന്നെ പ്രദേശത്തിന്റെ വികസനത്തിനും ഇത് വഴിയൊരുക്കും. ഇതിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിത്തുടങ്ങി. മാർച്ച് മാസം ഇത് സർക്കാരിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പൂർത്തിയായത് രണ്ട് പാലം
വടകര-മാഹി കനാലിൽ കല്ലേരി, പറമ്പിൽ എന്നിവിടങ്ങളിൽ പുതിയ പാലം ഇതിനകം നിർമിച്ചിട്ടുണ്ട്. വേങ്ങോളിയിൽ പാലം പണി നടന്നുവരുന്നു. കനാൽ തുടങ്ങുന്ന മാങ്ങാംമൂഴിയിൽ പുഴയിൽനിന്ന് ഉപ്പുവെള്ളം കനാലിലേക്ക് കടക്കുന്നത് തടയാനുള്ള തടയണയ്ക്കൊപ്പം വലിയ പാലവും പണിയുന്നുണ്ട്. ഇതിന്റെ പ്രവൃത്തിയും ഊർജിതമാണ്. കനാൽ അവസാനിക്കുന്ന കരിങ്ങാലിമുക്കിലും ഇതേ മാതൃകയിൽ ലോക് കം ബ്രിഡ്ജ് നിർമിക്കുന്നുണ്ട്.
പിന്നെ പുതുക്കിപ്പണിയാനുള്ളത് കന്നിനട പാലമാണ്. അവസാനഘട്ടത്തിൽ ഈ പാലവും പരിഗണിക്കുമെന്നാണ് സൂചന. ഈ പാലത്തിന് ഉയരമുള്ളതിനാൽ ജലഗതാഗതത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. വലിയ പാലങ്ങൾക്ക് പുറമേ 10 നടപ്പാലങ്ങളും കനാലിന്റെ വിവിധഭാഗങ്ങളിലുണ്ട്.