ബീച്ചിൽ പാഴ്‌ വസ്തുക്കളിൽ നിന്നൊരു ഉഗ്രൻ പാർക്ക്; നിർമിതിയിലും രൂപത്തിലുമെല്ലാം വ്യത്യസ്തമാണ്



കോഴിക്കോട്:പാഴ്‌വസ്തുക്കളുടെ പുനർജനിയായി ബീച്ചിൽ മനോഹര വിശമകേന്ദ്രം ഒരുങ്ങി.  ഉപേക്ഷിക്കപ്പെട്ട പഴയ ടയർ, കുപ്പി, മരം, കുട്ട, കയർ തുടങ്ങിവയാണു കോർപറേഷൻ വെള്ളയിൽ ഹെൽത്ത് സർക്കിൾ നൽകിയ ശാപമോക്ഷത്തിൽ മനോഹര പാർക്കായി മാറിയത്. നഴ്സിങ് ഹോസ്റ്റലിന് എതിർവശം കടലോരത്തു 2 മാസം കൊണ്ടു ജനിച്ച പുത്തൻ പാർക്ക് നിർമിതിയിലും രൂപത്തിലുമെല്ലാം വ്യത്യസ്തമാണ്.

പ്രകൃതിക്കും നാടിനും ദോഷമായി പലേടത്തും കിടക്കുമായിരുന്ന പാഴ്‌വസ്തുക്കൾ ഇപ്പോൾ ബീച്ചിലെത്തുന്നവർക്കു പ്രിയപ്പെട്ടതും കൗതുകം ജനിപ്പിക്കുന്നതുമായി മാറി. പഴയ ടയർ, മരം എന്നിവ ഉപയോഗിച്ചാണു അതിരുവേലി നിർമിച്ചത്. കവാടത്തിൽ രണ്ടു ഭാഗത്തും പഴയ ടയർ കൊണ്ടുള്ള പീരങ്കിയുമുണ്ട്. ഉള്ളിൽ ടയറും മറ്റും ഉപയോഗിച്ച് ലൈറ്റ് ഹൗസും തീർത്തു. പഴയ മരം ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങൾ, കുപ്പികൾ കൊണ്ടുള്ള അലങ്കാരം തുടങ്ങിയവ പാർക്കിനെ ആകർഷകമാക്കുന്നു.

അവിടെയുള്ള മരത്തിൽ പെയിന്റ് ചെയ്തു ചിത്രരചനയും നടത്തിയിട്ടുണ്ട്. നിങ്ങൾ പ്രകൃതിയുടെ നിരീക്ഷണത്തിലാണ് എന്ന വാചകം വായിച്ചാണു പാർക്കിലേക്കു കടക്കുന്നത്. ഇത്തരമൊരു പാർക്ക് നിർമിക്കുക എന്നതു ബാലുശ്ശേരി സ്വദേശി മിഥുൻ വിശ്വനാഥിന്റെ ആശയമാണ്. സുദിൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒപ്പം നിന്നു. കോർപറേഷൻ വെള്ളയിൽ ഹെൽത്ത് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ സലിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.മനോജ് എന്നിവർ കൈകോർത്തപ്പോൾ പാർക്ക് യാഥാർഥ്യമായി.

മിഥുൻ വിശ്വനാഥും സുഹൃത്തുക്കളും പ്രതിഫലം വാങ്ങാതെ പാർക്ക് നിർമാണത്തിനു സന്നദ്ധരായപ്പോൾ ഈ ഉദ്യോഗസ്ഥർ മറ്റു ചെലവുകൾക്കായി കയ്യിലെ പണം ചെലവഴിച്ചു കൂടെ നിന്നു. വീടുകളിൽ നിന്നു കുപ്പികളും മറ്റു പാഴ്‌വസ്തുക്കളും ശേഖരിച്ചു നൽകാൻ കുടുംബശ്രീ അംഗങ്ങളും തയാറായി. ബീച്ചിലെ പെട്ടിക്കട, ഉന്തുവണ്ടി കച്ചവടക്കാർ പാർക്ക് നിർമാണവുമായി സഹകരിച്ചു. പലരും പണം ചെലവാക്കിയും ഒപ്പം നിന്നു.


Previous Post Next Post