കോഴിക്കോട്: സെന്‍റ് സേവിയേഴ്സ് കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സെന്‍റ് സേവിയേഴ്സ് കോളജ് എൻ.എസ്.എസ് , കാമ്പസസ് ഓഫ് കോഴിക്കോടിന്‍റെ ആഭിമുഖ്യത്തിൽ ഒരുവർഷം നീളുന്ന ബീച്ച് ശുചീകരണ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് നാലിന് വിദ്യാർഥികൾ ബീച്ചിലെത്തി ശുചീകരണം തുടങ്ങും.
2023 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള ബീച്ചായി കോഴിക്കോടിനെ മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. സഞ്ചാരികളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ശുചിത്വബോധവത്കരണ പദ്ധതികൾ നടപ്പാക്കും. എൻ.എസ്.എസ് കാമ്പസസ് ഓഫ് കോഴിക്കോടിന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. പോസ്റ്ററുകൾ, ബാനറുകൾ തെരുവുനാടകം, ഫ്ലാഷ് മോബ്, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ ബോധവത്കരണം നടത്തും. കോർപറേഷൻ, പൊലീസ് എന്നിവയുടെ സഹായ സഹകരണം തേടുമെന്നും കോളജ് അധികൃതർ അറിയിച്ചു.
ശുചീകരണ പ്രോജക്ടിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ എൻ.എസ്.എസ് വളന്റിയർ റീത്തുവിന് ഗ്ലൗസ് കൈമാറി. ഡോ. ജെൻസൺ പുത്തൻ വീട്ടിൽ, റീജനൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ്, അസിസ്റ്റന്റ് പൊലീസ് കമീഷണർ യു. ഉമേഷ്, പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, കോളജ് മാനേജർ ഡോ. ഷാനു ഫെർണാണ്ടസ്, പ്രോഗ്രാം ഓഫിസർമാരായ അവിനാശ് അശോക്, ജയ സോണി എന്നിവർ പങ്കെടുത്തു.