പ്രൈം വോളിബോള്‍ ലീഗിന് ഇന്നു തുടക്കം; ആദ്യമത്സരത്തില്‍ ബ്ലൂ സ്പൈക്കേഴ്സ് ബ്ലാക്ക് ഹോക്‌സിനെതിരേ


ഹൈദരാബാദ്: കോവിഡ് ലോക്ഡൗണിൽ തണുത്തുകിടന്നിരുന്ന കായികമേഖലയ്ക്ക് ആവേശത്തിന്റെ ചൂടുപകർന്ന് പ്രൈം വോളിബോൾ ലീഗിന് ശനിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും തമ്മിൽ രാത്രി ഏഴിനാണ് ഉദ്ഘാടനമത്സരം. ഇന്ത്യൻ വോളിബോളിന് പ്രൊഫഷണലിസത്തിന്റെ മുഖം സമ്മാനിക്കുന്ന ലീഗിന് ആദ്യം കൊച്ചിയാണ് വേദിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് ഹൈദരാബാദിലേക്കു മാറ്റുകയായിരുന്നു. കേരള ടീമുകളായ കാലിക്കറ്റ് ഹീറോസിനും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനും പുറമേ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്സ് എന്നിവരും ലീഗിൽ പങ്കെടുക്കുന്നുണ്ട്.

കാലിക്കറ്റ് ഹീറോസിൻ്റെ മത്സരങ്ങൾ ഇങ്ങനെ;
കാലിക്കറ്റ് ഹീറോസ് 7-ന് തങ്ങളുടെ ആദ്യമത്സരത്തിൽ കൊൽക്കത്ത തണ്ടർബോൾട്സിനെ നേരിടും. 9-ന് അഹമ്മദാബാദ് ഡിഫൻഡേഴ്സ്, 14-ന് ബെംഗളൂരു ടോർപ്പിഡോസ്, 17-ന് ചെന്നൈ ബ്ലിറ്റ്സ്, 21-ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് എന്നിങ്ങനെയാണ് ലീഗ് ഘട്ടത്തിൽ കാലിക്കറ്റിന്റെ മറ്റുമത്സരങ്ങൾ.

ഫെബ്രുവരി 18-നാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള കേരള ഡർബി അരങ്ങേറുന്നത്. 


Previous Post Next Post