ലൈഫ് മിഷൻ പത്താം ഡി.പി.ആർ: 657 പേരുടെ പട്ടികയ്ക്ക് അംഗീകാരം


കോഴിക്കോട് : ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി ഭൂമിയുള്ളവർക്ക് വീടുനിർമിക്കുന്നതിനുള്ള അപേക്ഷയിൽ 657 പേരുടെ പട്ടിക കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. മേയർ ഡോ.ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പി.എം.എ.വൈ.-ലൈഫ് പത്താം ഡി.പി.ആർ. പ്രകാരമുള്ള പട്ടികയ്ക്ക് അംഗീകാരംനൽകിയത്.

1195 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽനിന്ന് അർഹരായ 657 പേരെയാണ് തിരഞ്ഞെടുത്തത്. അഞ്ചുസെന്റിൽ താഴെ ഭൂമിയുള്ള മൂന്നുവർഷമായി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരും മറ്റൊരിടത്തും വീടില്ലാത്തവരെയുമാണ് പട്ടികയിലുൾപ്പെടുത്തിയത്.


മാർച്ച് 22-വരെ അപ്പീൽ നൽകാം

പട്ടികയിൽപെടാത്ത 167 പേർക്ക് പഞ്ചായത്തുകളിലാണ് സ്ഥലമുള്ളത്. അവരെ അതാത് പഞ്ചായത്തുകളിലെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശചെയ്യും. ഇതിനുപുറമെ 67 പേർക്ക് അഞ്ചുസെന്റിലേറെ ഭൂമിയുണ്ട്. ലൈഫിൽ ഉൾപ്പെടാൻ അഞ്ചുസെന്റിൽ കൂടുതൽ ഭൂമി പാടില്ല. ഇവരെ പി.എം.എ.വൈ.യിൽ ഉൾപ്പെടുത്താനാകും. അടുത്തഘട്ടത്തിൽ പരിഗണിക്കും. 26.28 കോടിയാണ് ആകെ അടങ്കൽതുക. ഇതിൽ പകുതി കോർപ്പറേഷൻ വഹിക്കും. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് 22 വരെ കോർപ്പറേഷൻ സെക്രട്ടറിക്ക് അപ്പീൽനൽകാം. രണ്ടാം അപ്പീൽ കളക്ടർക്ക് നൽകാവുന്നതാണ്. അതിനുശേഷമേ അന്തിമപട്ടികയാവൂ.

ലൈഫ്.-പി.എം.എ.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി ഇതുവരെ 1710 വീടുകൾ പൂർത്തിയായി. ഒൻപത് ഘട്ടങ്ങളിലായി 3516 പേരാണ് ആകെ അർഹരായത്. സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ, കൗൺസിലർമാരായ സി.എസ്. സത്യഭാമ, കെ. നിർമല, കെ.ടി. സുഷാജ്, ടി.കെ.ചന്ദ്രൻ, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി.കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post