സംസ്ഥാനപാതാവികസനം: ഉള്ളിയേരിപ്പാലത്തിനടുത്ത് റോഡ് ഉയർന്നു; വ്യാപാരികൾ ആശങ്കയിൽ


വികസനത്തിൻ്റെ ഭാഗമായി ഉയർന്ന റോഡ്

ഉള്ളിയേരി :കൊയിലാണ്ടി-മുക്കം ഇരണിമാവ് സംസ്ഥാനപാതാവികസനം ഏതാണ്ട് പൂർത്തിയായതോടെ ഉള്ളിയേരി പാലത്തിന്റെ പടിഞ്ഞാറുഭാഗമുള്ള റോഡ് രണ്ടുമീറ്ററോളം ഉയർന്നു. ഇതോടെ റോഡിന് ഇരുവശത്തുമുള്ള കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും താഴ്ന്നനിലയിലായി.

ഉള്ളിയേരിപ്പാലം ഉയർത്തി പുതുക്കിപ്പണിതതോടെയാണ് റോഡ് ഉയർന്നത്. പാലത്തിനോടു ചേരുന്നഭാഗത്ത് രണ്ടുമീറ്ററോളമാണ് റോഡ് ഉയർന്നത്. പഴയറോഡും കെട്ടിടങ്ങളുടെ തറയുടെ ഉയരവും ഏതാണ്ട് ഒരുപോലെയായിരുന്നു. റോഡുയർന്നതോടെ സുരക്ഷാഭീഷണി നേരിടുകയാണ് കെട്ടിടങ്ങൾ.


റോഡിന്റെ വടക്കുഭാഗം ബസ്‌സ്റ്റാൻഡ് റോഡുവരെ പത്തു കെട്ടിടങ്ങളുണ്ട്. റോഡിന്റെ തെക്കുഭാഗത്ത് മാഹി ഹോട്ടൽവരെയും പത്തു കെട്ടിടങ്ങളുണ്ട്. ഈ കെട്ടിടങ്ങളിലെല്ലാം 75-ഓളം കച്ചവടക്കാരുണ്ട്. ചില കെട്ടിടങ്ങളുടെ ഗോവണിയിലേക്ക് കയറാൻപറ്റാത്ത സ്ഥിതിയുമുണ്ട്.

റോഡുയർന്നതോടെ കടയിലേക്കിറങ്ങാൻ വ്യാപാരികൾ പടവുകൾ നിർമിച്ചിരിക്കയാണ്. സ്വന്തംനിലയിലാണ് പടികൾ നിർമിക്കുന്നത്. റോഡിനും കെട്ടിടത്തിനു ഇടയിലുള്ള സ്ഥലവും കുറഞ്ഞു. റോഡിന്റെ വശങ്ങളിൽ പെയ്യുന്നവെള്ളം ഒഴുകാനുള്ള സൗകര്യവും ഇല്ലാതായി. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുമെന്ന് വ്യാപാരികൾക്ക് ശങ്കയുണ്ട്.


മണ്ണുകീറി ഓവുചാൽ പണിയാനുപയോഗിക്കുന്ന ഒരുമീറ്റർ നീളമുള്ള ഓവുകഷ്ണങ്ങൾ അടുക്കിവെച്ചാണ് ഡ്രെയ്‌നേജ് ഉയർത്തിപ്പണിതത്. ഇതിന്റെ വിടവിലൂടെ വെള്ളം പുറത്തുവന്ന് കടകളിൽ വെള്ളം കയറുമെന്നും വ്യാപാരികൾ ഭയക്കുന്നു. അങ്ങാടിയിൽ ഉയർത്തിപ്പണിത ഭാഗത്ത് ഓവുചാൽ കോൺക്രീറ്റിൽ പണിതാൽ സുരക്ഷിതമാകുമായിരുന്നു. ഉള്ളിയേരി അങ്ങാടി മഴക്കാലത്ത് വെള്ളപ്പൊക്കഭീഷണി നേരിടുന്നുണ്ട്.

‘2022 ജനുവരി അഞ്ചുമുതലാണ് റോഡുപണി തുടങ്ങിയത്. അന്നുമുതൽ കച്ചവടമില്ലാതായി. ആരും സാധനം വാങ്ങാനെത്തുന്നില്ല. പൊടിപടലങ്ങൾ നിറഞ്ഞ് സാധനങ്ങൾ നശിക്കുകയാണ്’-പാലത്തിനടുത്തുള്ള കെട്ടിടത്തിൽ കച്ചവടം നടത്തുന്ന ചെരിപ്പ് വ്യാപാരി പരാതി പറഞ്ഞു. വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ വ്യാപാരികൾ യോഗംചേർന്ന് ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
Previous Post Next Post