കോഴിക്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പടി - ചെറുകുളം ഭാഗത്ത് നിലനില്‍ക്കുന്ന നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ ഭാഗത്ത് അണ്ടര്‍പാസും കള്‍വര്‍ട്ടുകളും ഉള്ളതിനാല്‍ വീടുകള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസകരമല്ലാത്ത രീതിയില്‍ സര്‍വീസ് റോഡുകള്‍ ക്രമീകരിക്കും. അതിനായി സ്ഥലം സന്ദര്‍ശിച്ച് ശാസ്ത്രീയ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അണ്ടര്‍പാസിന് 4.5 മീറ്ററാണ് ഉയരം. നിലവിലുള്ള റോഡ് ഉയരം കുറച്ച് എച്ച്.ടി.എല്ലിന്റെ ഉയരത്തിനനുസരിച്ച് അടിഭാഗം ക്രമീകരിക്കാനുള്ള സാധ്യതയും തേടി. ഹൈവേ വന്നതിന്റെ ഭാഗമായി മൊകവൂര്‍ - അമ്പലപ്പടി ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വെള്ളക്കെട്ട് പ്രശ്‌നം ഡ്രൈനേജ് സംവിധാനമൊരുക്കി പരിഹാരം കാണുമെന്ന് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയപാതാവിഭാഗം പ്രൊജക്ട് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ പ്രഭാകരന്‍, കണ്‍സള്‍ട്ടന്റ് റസി. എഞ്ചിനീയര്‍ ശശികുമാര്‍, കരാറുകാരായ കെഎംസിയുടെ പ്രൊജക്ട് മാനേജര്‍ ദേവരാജറെഡ്ഡി, നാസര്‍, കൗണ്‍സിലര്‍മാരായ വി.പി മനോജ്, എസ്.എം തുഷാര, ഇ.പി സഫീന, മൊകവൂര്‍ വാര്‍ഡ് കണ്‍വീനര്‍ സി.വി. ആനന്ദകുമാര്‍, ഇ.വി സദാശിവന്‍, സി. ദാസന്‍സന്‍, പി. രഘുനാഥ്, പി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
NH Bypass