സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല ബസ് സമരം നാളെ മുതൽ


തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ മുതൽ അനിശ്ചിതകാല ബസ് സമരം. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.


കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്‍റെ അനുമതിയും വൈകുകയാണ്.
Previous Post Next Post