കോഴിക്കോട് : മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിന്റെ കതക് പൊളിച്ച് അകത്തുകടന്ന് 60,000 രൂപയോളം വിലമതിക്കുന്ന ഇലക്‌ട്രിക് സാധങ്ങളും മറ്റും മോഷ്ടിച്ച നാലുനാടോടി സ്ത്രീകൾ അറസ്റ്റിൽ.
ബാലുശ്ശേരി പാലോളിമുക്ക് ലക്ഷംവീട് കോളനിയിലെ നാടോടിസ്ത്രീകളായ ചന്ദ്രമതി, സീത, ചിത്ര, ജ്യോതി എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 20-നാണ് മോഷണം നടന്നത്. നവീകരണം നടക്കുന്ന ഓഡിറ്റോറിയത്തിൽനിന്ന് 28 ഫാനുകളും അഞ്ച് റോൾ ഇലക്‌ട്രിക് കേബിളുകളും ചെമ്പുകമ്പികളുമാണ് മോഷ്ടിച്ചത്.
ഞായറാഴ്ചയായതിനാൽ മോഷണം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഉച്ചയ്ക്ക് പാളയത്തുനിന്ന് ഗുഡ്സ് ഓട്ടോ വിളിച്ചാണ് പ്രതികൾ മോഷണവസ്തുക്കൾ കടത്തിയത്. ഇത് ബാലുശ്ശേരിയിലെ ആക്രിക്കടയിൽ വിൽപ്പന നടത്തി. സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇവർ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളെ കണ്ടെത്താൻ സഹായകമായി. എസ്.ഐ.മാരായ മുരളീധരൻ, സുഭാഷ്ചന്ദ്രൻ, ശശീന്ദ്രൻ നായർ, എ.എസ്.ഐ. ദീപ, സിവിൽപോലീസ് ഓഫീസർമാരായ പത്മരാജ്, ബിജു, സജീവ് കുമാർ, രമേശ്, ഫുജറ, അശ്വതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.