പേരാമ്പ്ര : മലയോരഹൈവേ റൂട്ട് മാറ്റത്തിനെതിരേ ചെമ്പനോടയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകവെ കളക്ടറുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ചചെയ്യും. മാർച്ച് അഞ്ചിന് കളക്ടറേറ്റിലാണ് യോഗം വിളിച്ചിരിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അതിനിടെ റൂട്ട് മാറ്റുന്നതിന് മുന്നോടിയായുള്ള അലൈൻമെന്റ് തയ്യാറാക്കാൻ സാധ്യതാപഠനം പുരോഗമിക്കുകയാണ്. മരുതോങ്കര പഞ്ചായത്തിൽ സർവേ നടത്തി കല്ലിടൽ പൂർത്തിയാക്കിയശേഷം ചങ്ങരോത്ത് പഞ്ചായത്തിലാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്.
തൊട്ടിൽപ്പാലത്തുനിന്ന് മുള്ളൻകുന്ന്, ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര, പെരുവണ്ണാമൂഴി താഴത്തുവയൽ, ചക്കിട്ടപാറ, കൂരാച്ചുണ്ട് വഴിയാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കുന്നത്. കുറ്റ്യാടി പുഴയ്ക്ക് കുറുകെ ചവറംമൂഴി ഭാഗത്ത് പുതിയപാലം നിർമാണവും ഇതിന്റെഭാഗമായി വരും. നേരത്തെ മുള്ളൻകുന്നിൽനിന്ന് ചെമ്പനോട, പെരുവണ്ണാമൂഴി വഴി കടന്നുപോകുന്ന രീതിയിലായിരുന്നു നാറ്റ്പാക്ക് തയ്യാറാക്കിയ അലൈൻമെന്റ്.
ഇതിനിടയിൽ പാത വനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ പ്രയാസമാണെന്ന കാരണംപറഞ്ഞാണ് റൂട്ട് മാറ്റാൻ ശ്രമംനടത്തുന്നത്. വനംമന്ത്രാലയത്തിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ പൊതുമരാമത്ത് വകുപ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും നഷ്ടമാകുന്ന വനംഭൂമിക്ക് പകരം ഭൂമി നൽകണമെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനായി പി.ഡബ്ല്യു.ഡി. കളക്ടർക്ക് കത്ത് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
തൊട്ടിൽപ്പാലം മുതൽ തലയാട് വരെയുള്ള 37.6 കിലോമീറ്റർ ദൂരത്തിലുള്ള റീച്ചിനിടയിലാണ് റൂട്ട് മാറ്റാൻ പുതിയ അലൈൻമെന്റ് തയ്യാറാക്കുന്നത്. 45.12 ഹെക്ടർ ഭൂമിയാണ് 12 മീറ്റർ പദ്ധതിക്കായി ആവശ്യം. ഇതിൽ രണ്ടരക്കിലോമീറ്ററോളം ദൂരത്തിൽ 3.12 ഹെക്ടർ സ്ഥലം വനഭൂമി വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനുള്ള അനുമതിക്കായി 2019-ൽ തന്നെ അപേക്ഷിച്ചിട്ടാണ് ഇതുവരെ ലഭിക്കാത്തത്.
അതേസമയം പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനായി നേരത്തെ 12 മീറ്റർ വീതിയിൽ സ്ഥലം നിർണയിച്ചതിനാൽ ഇക്കാര്യം പരിഗണിച്ച് റോഡ് നിർമാണം നടത്താൻ കഴിയുമെന്നാണ് കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തെയുള്ള അലൈൻമെന്റിലൂടെ തന്നെ മലയോരഹൈവേ നിർമിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോഗവും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ചെമ്പനോടയിലെ കർമസമിതി ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനവും നൽകി.