കുന്ദമംഗലം: കക്കോടി ചെറുകുളത്തുനിന്ന് കുന്ദമംഗലം വഴി ബേപ്പൂർ വരെ 24 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമിക്കാനുള്ള സാധ്യതപഠനം ആരംഭിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക് ) ആണ് റിപ്പോർട്ട് തയാറാക്കുന്നത്.
കക്കോടി ചെറുകുളത്തുനിന്ന് തുടങ്ങി പാലത്ത്, കുമ്മങ്ങോട്ട്, പണ്ടാരപറമ്പ്, കുന്ദമംഗലം, പെരിങ്ങളം, കുറ്റിക്കാട്ടൂർ, മുണ്ടുപാലം, പുത്തൂർമഠം, പന്തീരാങ്കാവ്, ചെറുവണ്ണൂർ വഴി ബേപ്പൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് നിർദേശിക്കപ്പെട്ട റോഡിന്റെ അലൈൻമെന്റ് തയാറാക്കുന്നത്. ടൗണുകളെ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റങ്ങൾ അലൈൻമെന്റിൽ വരുത്തണമെന്ന നിർദേശവും പരിഗണനയിലുള്ളതായി അറിയുന്നു.