അഗ്നിരക്ഷാ സംവിധാനമില്ല: ജില്ലയിൽ 140 കെട്ടിടങ്ങൾക്ക് നോട്ടിസ് നൽകി


കോഴിക്കോട്: ജില്ലയിൽ മതിയായ അഗ്നിരക്ഷാ സംവിധാനമില്ലാത്ത 140 ബഹുനിലക്കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ സേന നോട്ടിസ് നൽകി. ഈ കെട്ടിടങ്ങളുടെ പട്ടിക കലക്ടർക്കു സമർപ്പിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നു കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നഗരപരിധിയിലെ 107 കെട്ടിടങ്ങളിലും റൂറൽ പരിധിയിലെ 33 കെട്ടിടങ്ങളിലും മതിയായ അഗ്നിരക്ഷാ സംവിധാനമില്ലെന്നാണ് ജില്ലാ അഗ്നിരക്ഷാ വിഭാഗം നടത്തിയ ഫയർ ഓഡിറ്റിൽ കണ്ടെത്തിയത്. ദുരന്തനിവാരണ നിയമ പ്രകാരം കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ കലക്ടർക്ക് അധികാരമുണ്ട്.


നിർമാണ സമയത്ത് കെട്ടിടങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും ഇവ അറ്റകുറ്റപ്പണി നടത്തി എല്ലാ വർഷവും നിരാക്ഷേപ പത്രം (എൻഒസി) വാങ്ങണമെന്നാണ് ചട്ടം. 140 കെട്ടിടങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും നിരാക്ഷേപ പത്രം പുതുക്കിയിട്ടില്ലെന്നും ജില്ലാ ഫയർ ഓഫിസർ മൂസ വടക്കേടം കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചില ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിക്കുന്നില്ല, അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് എത്തിച്ചേരാനുള്ള വഴിയില്ല, തീപിടിത്തമുണ്ടായാൽ ഉപയോഗിക്കാനുള്ള കോണിപ്പടികൾ ചില കെട്ടിടങ്ങളിൽ അടച്ചിരിക്കുന്നു. തുടങ്ങിയ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. 9 അഗ്നിരക്ഷാ സ്റ്റേഷനുകളിലെ 282 കെട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. ഉയരത്തിന്റെ അടിസ്ഥാനത്തിൽ 4 വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു പരിശോധന.


അഗ്നിരക്ഷാ സംവിധാനമില്ലാത്ത കെട്ടിട ഉടമകൾക്ക് ആദ്യഘട്ടത്തിൽ അഗ്നി രക്ഷാ സേന നോട്ടിസ് നൽകും. ഉടമകൾ സുരക്ഷാസംവിധാനം ഒരുക്കിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും എൻ.തേജ് ലോഹിത് റെഡ്ഡികലക്ടർ
Previous Post Next Post