Image courtesy to: Manorama online
മുക്കം:അധ്യാപകരുടെ സമരം മൂലം പരീക്ഷയെഴുതാൻ കഴിയാതെ 500 വിദ്യാർഥികൾ തോറ്റതിനെ തുടർന്നു കളൻതോട്ടെ കെഎംസിടി പോളിടെക്നിക്ക് വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രിൻസിപ്പലിനെ റൂമിൽ പൂട്ടിയിട്ട് ഉപരോധം നടത്തുകയാൺ ഇന്ന് വിദ്യാർത്ഥികൾ. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് കെഎംസിടി പോളിടെക്നിക്കിലെ അധ്യാപകർ കഴിഞ്ഞ ജനുവരിയിൽ നടത്തിയ സമരം മൂലമാണു വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ കഴിയാതെ വന്നത്. പരീക്ഷാഡ്യൂട്ടി ബഹിഷ്കരിച്ചായിരുന്നു അധ്യാപകരുടെ സമരം. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലിഷ് പരീക്ഷയാണു മുടങ്ങിയത്.
അധ്യാപകരുടെ സമരം പിന്നീട് ഒത്തുതീർപ്പായതോടെ, വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളജ് അധികൃതർ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയിരുന്നു. വാക്കുപാലിക്കാതെ മാനേജ്മെന്റ് ചതിച്ചെന്നാണു വിദ്യാർഥികളുടെ ആരോപണം. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.