കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മോർച്ചറി പ്രവർത്തിക്കുന്നില്ല: പോസ്റ്റ്‌മോർട്ടം നിലച്ചിട്ട് ഒരുമാസം



കൊയിലാണ്ടി : താലൂക്കാശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം മുടങ്ങിയിട്ട് ഒരു മാസമാകുന്നു. ആശുപത്രിയിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി മോർച്ചറിയിലേക്കുള്ള വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചെങ്കിലും മോർച്ചറി സംവിധാനം പുനരാരംഭിക്കാൻ നടപടിയുണ്ടായില്ല. ഇത് പ്രതിഷേധത്തിനിടയാക്കുകയാണ്.

കൊയിലാണ്ടി താലൂക്കിലെ വിവിധഭാഗങ്ങളിൽ അസ്വാഭാവിക, അപകട മരണങ്ങൾ ഉണ്ടായാൽ പോസ്റ്റു മോർട്ടത്തിനായി മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്കായിരുന്നു കൊണ്ടു വന്നിരുന്നത്.


എന്നാൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് ജനത്തിന് ഏറെ പ്രയാസമുണ്ടാക്കുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റു മോർട്ടത്തിനുശേഷം തിരികെ വീട്ടിലെത്തിക്കാൻ 15,000 മുതൽ 20,000 രൂപവരെ ചെലവുവരുന്നുണ്ട്.


ആംബുലൻസ് വാടക, പോലീസുകരെയും അഞ്ചു സാക്ഷികളെയും കൊണ്ടു പോകാനുളള വാഹനചെലവ് എന്നിവയടക്കമാണിത്. ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുമ്പോൾ ചെലവേറും. ഇൻക്വസ്റ്റ് നടത്താനായി പോലീസുകാർക്ക് കോഴിക്കോട്ടേക്ക് പോകേണ്ടിവരുമ്പോൾ പോലീസ് സ്റ്റേഷനിൽനിന്ന് ദീർഘനേരം വിട്ടുനിൽക്കേണ്ടതായും ഉണ്ട്. ഇത് സ്റ്റേഷൻ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു.

താലൂക്കാശുപത്രിയിൽ ദിനംപ്രതി രണ്ടും മൂന്നും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. അടുത്ത ആഴ്ചയോടെ മോർച്ചറിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷീല പറഞ്ഞു.

എന്നാലും ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിക്കുമ്പോൾ മോർച്ചറി കെട്ടിടവും പൊളിക്കേണ്ടിവരും. അപ്പോൾ വീണ്ടും പോസ്റ്റുമോർട്ടം മുടങ്ങാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ മറ്റെവിടെയെങ്കിലും ബദൽസംവിധാനം ഏർപ്പെടുത്തണം.
Previous Post Next Post