
PIC:SAHADMT
മാവൂർ: ചാലിയാറിന്റെ ഇരുകരകളിലെ ജനങ്ങളുടെ നീണ്ടകാലത്തെ സ്വപ്നം പൂവണിയാൻ ഇനി ദിവസങ്ങൾ മാത്രം. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ എളമരം കടവിൽ നിർമിച്ച പാലത്തിലൂടെ ഇരുനാടുകൾ മേയ് മധ്യത്തോടെ ഒന്നിക്കും. മേയ് 15നോ 16നോ പാലം നാടിന്റെ ആഘോഷമായി തുറന്നുകൊടുക്കും. മുഖ്യമന്ത്രിയെകൊണ്ടുതന്നെ ഉദ്ഘാടനം നടത്താനാണ് നാട്ടുകാരനായ എളമരം കരീം എം.പിയുടെ നേതൃത്വത്തിൽ ശ്രമംനടക്കുന്നത്.
അമേരിക്കയിലേക്ക് തുടർചികിത്സക്കുപോയ മുഖ്യമന്ത്രി മേയ് 10ന് തിരിച്ചെത്താനാണ് സാധ്യത. മുഖ്യമന്ത്രി തിരിച്ചെത്തുന്ന ദിവസം പരിഗണിച്ചുകൂടിയായിരിക്കും ഉദ്ഘാടന തീയതി തീരുമാനിക്കുക.
Read also: എയിംസ് പ്രതീക്ഷയിൽ വീണ്ടും കിനാലൂർ
സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ സമാപനം കോഴിക്കോട് നടക്കുന്നത് മേയ് 19നാണ്. ഇതിനുമുമ്പ് എളമരം പാലത്തിന്റെ ഉദ്ഘാടനം നടത്തേണ്ടതുണ്ട്. ഇനി ചില പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. പാലത്തിന് മുകളിൽ കോട്ടിങ് പ്രവൃത്തി പൂർത്തിയായി. കൈവരി പെയ്ന്റിങ്ങും ഫിനിഷിങ്ങിലാണ്. വൈദ്യുതീകരണ പ്രവൃത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തീർക്കാനാകും.
കേന്ദ്രസർക്കാറിന്റെ സി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി 35 കോടി രൂപ ഉപയോഗിച്ച് 2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 11 തൂണുകളും 10 സ്ലാബുകളുമാണുള്ളത്. ഇരുവശങ്ങളിലും 1.75 മീറ്റർ വീതിയുള്ള നടപ്പാതകളുണ്ട്. നടപ്പാതയിൽ ടൈൽ പാകിക്കഴിഞ്ഞു. പാലത്തിന്റെ മാവൂർ, വാഴക്കാട് പഞ്ചായത്തുകളുടെ ഭാഗമായ ഇരുവശങ്ങളിലും. മാവൂർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി നേരത്തെ പൂർത്തിയായതാണ്. മലപ്പുറം ജില്ലയുടെ ഭാഗത്തെ അപ്രോച്ച് റോഡ് ടാറിങ് പ്രവൃത്തിയും തീരുകയാണ്.
എളമരം കടവിൽനിന്ന് എടവണ്ണപ്പാറ വരെയുള്ള 2.825 കിലോമീറ്റർ നീളത്തിലും എളമരം കടവിൽനിന്ന് പണിക്കര പുറായ് വരെ 1.778 കിലോമീറ്ററുമാണ് വാഴക്കാട്ട് ഭാഗത്തെ രണ്ട് അപ്രോച്ച് റോഡുകളുടെയും നീളം. കോഴിക്കോട് ആസ്ഥാനമായുള്ള പി.ടി.എസ് ഇന്ത്യാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് പാലത്തിന്റെ നിർമാണച്ചുമതല.