ഓൺലൈൻ തട്ടിപ്പ്: അന്വേഷണം നടത്തി കേസുകൾ തീർപ്പാക്കുന്നതിൽ കോഴിക്കോട് സൈബർഡോം മുന്നിൽ


കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈൻ പണം തട്ടിപ്പുകളുടെ എണ്ണത്തിൽ റോക്കറ്റിന്റെ കുതിപ്പെങ്കിലും പരാതികളിൽ മികച്ച അന്വേഷണം നടത്തി കേസുകൾ തീർപ്പാക്കുന്നതിൽ കോഴിക്കോട് സൈബർഡോം മുന്നിൽ. കഴിഞ്ഞ 6 മാസത്തിനിടെ ഓൺലൈനിൽ പണം നഷ്ടപ്പെട്ട സംഭവങ്ങളിൽ കോഴിക്കോട് സൈബർഡോം പണം തിരിച്ചുപിടിച്ച് പരാതിക്കാർക്കു നൽകിയത് മൊത്തം ഒന്നര കോടിയിലേറെ രൂപ. മികച്ച അന്വേഷണത്തിന് ഉദ്യോഗസ്ഥന് 8 തവണ മികവിന്റെ അംഗീകാരം.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സൈബർഡോം അന്വേഷണ ഏജൻസിയിൽ പ്രതിദിനം എത്തുന്നതു നൂറിലേറെ പരാതികളാണ്. സൈബർ പൊലീസ്, സൈബർ സെൽ, സൈബർഡോം എന്നീ മൂന്നു സംവിധാനങ്ങളാണ് സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട പരാതികളും ഓൺലൈൻ പണം തട്ടിപ്പും അന്വേഷിക്കുന്നത്. 2021 ഒക്ടോബർ മുതൽ 2022 ഏപ്രിൽ 21 വരെ കോഴിക്കോട്ട് 730 സൈബർ പരാതികളാണ് ലഭിച്ചത്. ഇതിൽ 628 പരാതികളിലും പ്രതികളെ കണ്ടെത്തിയും പണം പ്രതികളുടെ ബാങ്കിൽ നിന്നു തിരിച്ചുപിടിച്ചും നഷ്ടപ്പെട്ടവർക്കു നൽകി. മറ്റു 102 പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നു.


പരാതിക്കാരിൽ അധികവും മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരും 40 വയസ്സിനു മുകളിലുള്ളവരുമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തി സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും തിരിച്ചുമുള്ള പരാതികളിൽ ഭൂരിപക്ഷവും പ്രായം കുറഞ്ഞവരാണ് ഉൾപ്പെട്ടിരിക്കുന്നത്. 150 രൂപ മുതൽ 64 ലക്ഷം രൂപവരെ ഓൺലൈൻ തട്ടിപ്പിനിരയായി നഷ്ടപ്പെട്ടവർ പരാതിയുമായി എത്തുകയും നഷ്ടപ്പെട്ട പണം അന്വേഷണത്തിലൂടെ കണ്ടെത്തി തിരിച്ചു നൽകുകയും ചെയ്തിട്ടുണ്ടെന്നു കോഴിക്കോട് സൈബർഡോം മേധാവിയും ഇൻസ്പെക്ടറുമായ എസ്.നിയാസ് പറഞ്ഞു.

കോവിഡിനു മുൻപ് പ്രതിമാസം 6 പരാതികളാണ് ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് കാലം തുടങ്ങിയതോടെ പരാതികൾ കൂടി. ഇപ്പോൾ പ്രതിദിനം ശരാശരി 12 പരാതികൾ എത്തുന്നുണ്ട്. ഓൺലൈൻ പണം തട്ടിപ്പുസംഘം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ മാഫിയകളാണ്. സൈബർഡോം സംഘം ബംഗാൾ, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ എത്തിയാണ് ഭൂരിപക്ഷം കേസുകളിലും അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തിയതും. ഇതിൽത്തന്നെ ഹരിയാനയിലെ ഗുരുഗ്രാം ജില്ലയാണു തട്ടിപ്പു സംഘങ്ങളുടെ പ്രീയ താവളം. രാജ്യത്തെ പ്രധാന സാമ്പത്തിക വിജ്ഞാന വികസന കേന്ദ്രം കൂടിയാണു ഗുരുഗ്രാം.


3 മാസത്തിനിടെ 2 പ്രധാന കണ്ടെത്തൽ
  • സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെട്ട ലക്ഷക്കണക്കിനു വരുന്ന കാർഡ് ഉടമകളുടെ കുടുംബത്തിന്റെ മുഴുവൻ വിവരങ്ങളും ഏതൊരാൾക്കും എപ്പോഴും സൈറ്റിൽ നിന്നു പകർപ്പ് എടുക്കാൻ കഴിയുന്ന രീതിയിലായിരുന്നു. കഴിഞ്ഞ 4 വർഷമായി ഇതു തുടരുകയായിരുന്നു. ഈ ഗുരുതരമായ പിശക് 2022 ജനുവരിയിൽ കണ്ടെത്തിയത് കോഴിക്കോട് സൈബർഡോം ആണ്. സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും ആ ഭാഗം എഡിറ്റ് ചെയ്തു മാറ്റിയശേഷം, വകുപ്പ് ഈ കണ്ടെത്തൽ ശരിയല്ലെന്നു വാദിച്ചു. സൈബർ സംഘം നേരത്തേ കണ്ടെത്തി സൂക്ഷിച്ച വിഡിയോ സർക്കാരിനു തെളിവായി ഹാജരാക്കി.

  •  33 വർഷം മുൻപ് പിണങ്ങി വീടുവിട്ട പിതാവിനെ കണ്ടെത്താൻ വിദേശത്തു താമസമാക്കിയ മകൻ നൽകിയ പരാതിയിൽ 4 ദിവസം കൊണ്ടാണു സൈബർഡോം പരിഹാരം കണ്ടെത്തിയത്. തൊണ്ടയാട് സ്വദേശികളായ ഇവർ ആദ്യം ചെന്നൈയിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും താമസം മാറിയിരുന്നു. കഴിഞ്ഞ 6 വർഷമായി ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും പിതാവിനെ കണ്ടെത്താനായില്ല. ഒടുവിലാണ് കോഴിക്കോട് സൈബർ ഡോമിൽ പരാതി നൽകിയത്. തുടർ അന്വേഷണത്തിൽ പിതാവ് കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തു താമസിക്കുന്നതായി കണ്ടെത്തി. മകൻ പിതാവിനെ തിരിച്ചറിഞ്ഞു.
Previous Post Next Post