ഓമശ്ശേരിയിൽ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്: രണ്ട് ഹോട്ടലുകൾ അടപ്പിച്ചു; 3 സ്ഥാപനങ്ങൾക്ക് നോട്ടീസ്


ഓമശ്ശേരി:ഭക്ഷ്യവിഷബാധ തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിൽ ഗുരുതര വീഴ്ച്ചകണ്ടെത്തിയ 2 ഹോട്ടലുകൾ അടപ്പിച്ചു. 
ഗ്രാമപഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവർത്തിച്ച ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്. പഴകിയ പൊറോട്ടയും ഈച്ചകൾ പൊതിഞ്ഞിരിക്കുന്ന പാകം ചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും, ഇറച്ചി ഫ്രൈയും ', പഴകിയ മാംസവും കണ്ടെത്തി വിൽപ്പന തടഞ്ഞു'. ദുർഗ്ഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ അധികവും സൂക്ഷിച്ചിരുന്നത്. ശാസ്ത്രീയമാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഇല്ലാതെ മലിനജലം വഴിയിലേക്കാണ് ഒഴുക്കിവിടുന്നത്. അടുക്കളയും പരിസരവും വൃത്തിഹീനമാണ്. ഈ സാഹചര്യത്തിൽ 17,000 രൂപ പിഴ ചുമത്തി. 

പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ് ഇന്ന് മിന്നൽ പരിശോധന നടന്നത്.നിരവധി സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതം നടപടികൾ കൈക്കൊള്ളും. മൽസ്യ കടകൾ, ഇറച്ചി കടകൾ. ബേക്കറികൾ, കൂൾബാറുകൾ, ബേങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം പരിശോധന നടത്തുകയുണ്ടായി. വരും ദിവസങ്ങളിലും പരിശോധന തുടരും. 


ഭക്ഷണ-പാനീയ സുരക്ഷാ കാര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ജുഷ ടി.ഒ, സജീർ.ടി. ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ അരുൺ ഹരിദാസ്., സൂര്യ.സി എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പകർച്ചവ്യാധികൾക്ക് കാരണമാം വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓമശ്ശേരി ലോക്കൽ പബ്ലിക്ക് ഹെൽത്ത് അതോറിറ്റിയും മെഡിക്കൽ ഓഫീസറുമായ ഡോ: ബി 'സായ്നാഥ് മുന്നറിയിപ്പ് നൽകി.
Previous Post Next Post