പുതിയപാലത്തെ വലിയ പാലം: ടെൻഡർ ഊരാളുങ്കലിന്

കോഴിക്കോട് : പുതിയപാലത്തെ വലിയ പാലം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മിക്കും. ടെൻഡർ സമർപ്പിച്ച രണ്ട് കമ്പനികളിൽ നിന്നാണ് യു.എൽ.സി.സി.എസിനെ തിരഞ്ഞെടുത്തത്. നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.

കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് പാലവും അനുബന്ധ റോഡും നിർമ്മിക്കുക. 125 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും ആർച്ച് മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. ജനുവരിയിലാണ് പദ്ധതിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചത്.
ഒന്നര വർഷത്തിനകം പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കനോലി കനാലിന് കുറുകെ പുതിയപാലത്ത് 1942ലാണ് ചെറിയ പാലം നിർമ്മിച്ചത്. 2007ൽ വലിയ പാലമെന്ന ആവശ്യമുയർത്തി പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങി. തുടർന്ന് 2012ൽ പാലം പണിയാൻ 40 കോടി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നെങ്കിലും നടപ്പായില്ല. 2016ൽ 50 കോടി അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതോടെ പദ്ധതി മന്നോട്ടുപോയില്ല. പാലം പൂർത്തിയായാൽ മിനി ബൈപാസിൽ നിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക് എളുപ്പ മാർഗമാവും.
Previous Post Next Post