കൊടുവള്ളി: ഗതാഗത കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന ടൗണിൽ ട്രാഫിക് പരിഷ്കരണം തിങ്കളാഴ്ച മുതൽ നടപ്പാക്കി. നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, സ്ഥിരം സമിതി അധ്യക്ഷൻ വി. സിയ്യാലി ഹാജി, കൗൺസിലർ കെ. ശിവദാസൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ മുതൽ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും കച്ചവടക്കാർക്കും നിർദേശങ്ങൾ നൽകി. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിച്ചു.
താമരശ്ശേരി ഭാഗത്തേക്കുള്ള ദീർഘദൂര ബസുകളുടെ സ്റ്റോപ് സഹകരണ ബാങ്കിന്റെ മുന്നിലേക്ക് മാറ്റി. യതീംഖാന മുതൽ എം.പി.സി ജങ്ഷൻ വരെയും ബസ് സ്റ്റാൻഡിലും പരിസരത്തും സിറാജ് ബൈപാസ് റോഡിൽ കാട്ടിൽപള്ളി ജങ്ഷനിലും അനധികൃത പാർക്കിങ് നിരോധിച്ചു. സിറാജ് ബൈപാസ് റോഡിൽ പാർക്കിങ് ഒരു സൈഡിൽ മാത്രമായി ക്രമീകരിച്ചു. ആർ.ഇ.സി ജങ്‌ഷനിൽ വൈകീട്ട് നാലുമുതൽ മുതൽ ഏഴുമണി വരെ വൺവേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ കടന്നുപോകുക. താമരശ്ശേരി ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ സിറാജ് റോഡ് വഴി കടന്നുപോകണം.
അനധികൃത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുകയും ഓപൺ സ്റ്റേജ് പൊളിച്ചുമാറ്റി ഗതാഗത സൗകര്യമൊരുക്കുകയും ചെയ്യും. പേ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അൻസാരിപ്പള്ളിക്ക് മുൻവശം ബസ് ബേ നിർമിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങളാണ് പരിഷ്കരണത്തിന്റെ ഭാഗമായി ടൗണിൽ നടപ്പാക്കുന്നത്.