ദേശീയപാത ബൈപാസിലെ കയ്യേറ്റങ്ങൾ അധികൃതർ പൊളിച്ചുനീക്കി

 
രാമനാട്ടുകര:ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപാസിലെ കയ്യേറ്റങ്ങൾ അധികൃതർ പൊളിച്ചുനീക്കി. സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ ബൈപാസ് ഭൂമി കയ്യേറി സ്ഥാപിച്ച ചുറ്റുമതിലും മരങ്ങളുമാണ് ദേശീയപാത അതോറിറ്റി, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നീക്കം ചെയ്തത്.റോഡ് ഭൂമി കയ്യേറിയിട്ടുണ്ടെന്നു ദേശീയപാത അതോറിറ്റി അറിയിച്ച സ്ഥലങ്ങളിൽ നേരത്തേ താലൂക്ക് സർവേ സംഘം നടത്തിയ പരിശോധനയിൽ കയ്യേറ്റം കണ്ടെത്തിയിരുന്നു. 

1.4 മീറ്റർ വരെ ബൈപാസ് ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ട് എന്നായിരുന്നു കണ്ടെത്തൽ. ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത കെഎംസി കമ്പനി ഓട നിർമാണം തുടങ്ങിയപ്പോൾ സർവീസ് റോഡിനു വീതിക്കുറവ് ശ്രദ്ധയിൽപെട്ടു. തുടർന്നാണ് മേഖലയിൽ ദേശീയപാത ഭൂമി സർവേ നടത്താൻ റവന്യു വകുപ്പിനെ സമീപിച്ചത്.

വില്ലേജ് ഓഫിസ് മുഖേന ഭൂവുടമകൾക്കു നോട്ടിസ് നൽകിയാണ് സർവേ നടപടി സ്വീകരിച്ചത്. ബൈപാസ് ഭൂമി കയ്യേറിയ മേഖലയിൽ ഓട നിർമാണം തടസ്സപ്പെട്ടിരുന്നു. കനത്ത മഴ പെയ്തപ്പോൾ പ്രദേശത്തെ നടവഴികളിലും പാർശ്വ റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ മുറ്റം വരെ വെള്ളം നിറയുകയും ചെയ്തു. ഇതു പ്രദേശത്തു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്. കയ്യേറിയ ബൈപാസ് ഭൂമി തിരിച്ചെടുത്തതോടെ തടസ്സപ്പെട്ട ഓട നിർമാണം ഉടൻ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചു.

തഹസിൽദാർ എ.എം.പ്രേംലാൽ, ഭൂരേഖ തഹസിൽദാർ സി.ശ്രീകുമാർ, ദേശീയപാത പ്രോജക്ട് ഡയറക്ടർ നിർമൽ സാഡേ, കെഎംസി പ്രോജക്ട് മാനേജർ ദേവരാജലു റെഡ്ഡി എന്നിവർ സ്ഥലത്തെത്തിയിരുന്നു.അതേസമയം, റവന്യു അധികൃതരുടെ സർവേ കണ്ടെത്തൽ ശരിയല്ലെന്നു സൂചിപ്പിച്ചു കലക്ടർക്ക് പരാതി നൽകിയിരുന്നുവെന്നും ഇതിൽ തീരുമാനം ഉണ്ടാകുന്നതിനു മുൻപാണ് തങ്ങളുടെ ഭൂമിയിലെ നിർമാണം പൊളിച്ചു മാറ്റിയതെന്നും ഭൂവുടമകൾ പറഞ്ഞു.
Previous Post Next Post