പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍


കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ വയനാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. കര്‍ഷകര്‍ അടക്കമുള്ള വയനാട്ടിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജൂണ്‍ 16ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇതേ വിഷയത്തില്‍ എല്‍.ഡി.എഫ് ജൂണ്‍ 12ന് എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തിയിരുന്നു. പരിസ്ഥിതിലോല പ്രദേശ നിര്‍ണയ കാര്യത്തില്‍ യു.ഡി.എഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

2014 ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വന്ന 123 വില്ലേജുകളിലെ ആവാസകേന്ദ്രങ്ങളും കൃഷിഭൂമിയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിച്ച് ഏകകണ്ഠമായി പാസാക്കിയിരുന്നു.


എന്നാല്‍ 2019ല്‍ എല്‍.ഡി.എഫ്. മന്ത്രിസഭ യോഗം ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിധി എന്നതാണിപ്പോള്‍ സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സുപ്രീം കോടതിയുടെ വിധിയില്‍ ഇളവുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഉത്തരവില്‍ പറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.
Previous Post Next Post