വടകര സജീവന്‍റെ മരണം;കൂട്ട അച്ചടക്ക നടപടി, സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം



വടകര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. 28 പേർക്കാണ് സ്ഥലം മാറ്റം.പകരക്കാർ അടക്കം 56 പേർക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയത്.
വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.


മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


42കാരനായ സജീവന്‍ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐജി ടി വിക്രത്തിന്‍റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്‍ന്നാണ് എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്.
Previous Post Next Post