റെക്കോഡ്‌ പ്ലേസ്‌മെന്റുമായി കോഴിക്കോട്‌ എൻഐടി



കോഴിക്കോട്‌:ആയിരത്തിലേറെ വിദ്യാർഥികൾക്ക്‌ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്‌ദാനവുമായി എൻഐടിയിൽ റെക്കോഡ്‌ ക്യാമ്പസ്‌ പ്ലേസ്‌മെന്റ്‌. പങ്കെടുത്ത 1280 ൽ 1138 പേർക്കാണ്‌ ജോലി വാഗ്‌ദാനം ലഭിച്ചത്‌. കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്ങിൽനിന്നുള്ള നാല്‌ വിദ്യാർഥികൾക്ക് ലഭിച്ച 67.6 ലക്ഷം രൂപ ആണ് ഏറ്റവും ഉയർന്ന വാർഷിക ശമ്പളം. 
മുൻവർഷത്തിൽ 714 ഓഫറുകളാണ് ലഭിച്ചത്. ജൂലൈയിൽ സമാപിച്ച പ്ലേസ്‌മെന്റ് ക്യാമ്പയിനിൽ ഇരുനൂറോളം സ്ഥാപനങ്ങൾ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 12.1 ലക്ഷം രൂപ ശരാശരി വാർഷിക വരുമാനത്തിൽ ജോലിനൽകി. 

ഗൂഗിൾ, ഡിഇഷേ, അദാനി ഗ്രൂപ്പ്‌, ആദിത്യ ബിർള ഗ്രൂപ്പ്‌, ജെപി മോർഗൻ ചേസ്‌ ആൻഡ്‌ കമ്പനി, ഇന്റൽ, എൽആൻഡ്‌ ടി, മഹീന്ദ്ര, ബെൻസ്‌, റിലയൻസ്‌, ഒറാക്കിൾ, ടാറ്റാ ഗ്രൂപ്പ്‌, വേദാന്ത തുടങ്ങിയ കമ്പനികൾ റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തു. 

വേനലവധിയിൽ വിദ്യാർഥികൾക്ക് പൂർവ വിദ്യാർഥികളുടെ പിന്തുണയോടെ പരിശീലന പരിപാടി നടത്തിയതും പ്ലേസ്‌മെന്റ് കൂടാൻ സഹായിച്ചു. ബിടെക്‌ വിഭാഗത്തിൽ 95 ശതമാനവും എംടെകിൽ 82 ശതമാനവുമാണ്‌ ജോലി ലഭിച്ചത്‌.
Previous Post Next Post