തിരുവനന്തപുരം:രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. ഇന്ന് (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.
അതേസമയം ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തി. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം.
കഴിഞ്ഞ ഓണക്കാലങ്ങളിലും പ്രതിസന്ധി പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്നിരുന്നു ഇക്കുറിയും ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ഇതോടെ കുറഞ്ഞു. അംഗനവാടിയിലേക്ക് പാൽ കൊടുക്കുന്നതും ക്ഷാമത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.