വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ: ഭരണാനുമതിയായി



കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ റിസ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാൻ ഗതാഗതവകുപ്പിന്റെ ഭരണാനുമതി ലഭിച്ചു.

വിമാനത്താവള അതോറിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തു നൽകേണ്ട ചുമതല ഗതാഗതവകുപ്പിനാണ്. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതി. പള്ളിക്കൽ വില്ലേജിൽ ബ്ലോക്ക് 11-ൽ റീ സർവേ 170, 177, 178 ഉൾപ്പെട്ട ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജിൽ ബ്ലോക്ക് 36-ൽ റീസർവേ 63, 64, 65, 67, 68, 69, 70, 71 നമ്പറുകളിൽ ഉൾപ്പെട്ട 7.5 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. 
അടുത്തപടിയായി റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കണം. ശേഷം സർവേ അതിരടയാള നിയമപ്രകാരം ഭൂമി അളക്കുന്നതിന് 6(1) വിജ്ഞാപനം പുറത്തിറക്കും. ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. സർവേ നടത്തി ഭൂമി ഏറ്റെടുത്തു നൽകുന്നതിന്റെ ചുമതല റവന്യൂ വകുപ്പിനാണ്. ഇതിന്റെ ചെലവുകൾക്കായി സർക്കാർ 50 ലക്ഷം രൂപ റവന്യൂ വകുപ്പിന് നൽകണം. ഈ തുക ലഭിച്ചതിനു ശേഷം പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് അംഗീകൃത ഏജൻസികളിൽനിന്ന് ക്വട്ടേഷൻ വിളിക്കും. തിരഞ്ഞെടുത്ത ഏജൻസി തയ്യാറാക്കിനൽകുന്ന പഠന റിപ്പോർട്ട് സർക്കാരും അംഗീകരിച്ചതിന് ശേഷമാണ് സർവേ നടപടികൾ തുടങ്ങുക. അടുത്ത മാർച്ച് 31-നകം ഭൂമി ഏറ്റെടുത്ത് നൽകാനാണ് സംസ്ഥാന സർക്കാർ പദ്ധതി. അതുകൊണ്ടുതന്നെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Previous Post Next Post