കാസർകോട്ടെ അഞ്ജുശ്രീയുടേത് ഭക്ഷ്യ വിഷബാധയല്ല ആത്മഹത്യയെന്ന് പ്രാഥമികനിഗമനം, ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു.



കാസർകോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. 
അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തിൽ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ ആന്തരിക അവയവങ്ങൾ രാസപരിശോധന ഫലം വരണം. കോഴിക്കോട്ടെ ലാബിലേക്ക് അയച്ച ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ പുറത്ത് വരും. എങ്കിൽമാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ
Previous Post Next Post