സംസ്ഥാനത്ത് വീണ്ടും കാർ കത്തൽ: വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, ഓടി രക്ഷപ്പെട്ട് ഡ്രൈവർ



തിരുവനന്തപുരം:തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. 
വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീ പടര്‍ന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Car burning again in the state
Previous Post Next Post