തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിവർന്ന് നിൽക്കാൻ ശ്രമിക്കുന്ന കേരളത്തിലെ സ്വകാര്യ ബസ് മേഖലക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്ധന സെസ്. പ്രതിദിനം നാലായിരം രൂപ മുതൽ ആറായിരം രൂപ വരെ അധിക ബാധ്യത ഈ ഇന്ധന സെസ്സിലൂടെ സ്വകാര്യ ബസ് ഉടമകൾക്ക് മേൽ ഉണ്ടാവും.
പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ നഷ്ടത്തിലാവാതിരിക്കാൻ ഷെഡ്യൂളുകൾ ചുരുക്കിയും, ജീവനക്കാരുടെ എണ്ണം കുറച്ചും കഷ്ടിച്ച് മുന്നോട്ടുപോകുമ്പോഴാണ് സെസ് ചുമത്താനുള്ള സർക്കാർ തീരുമാനം. ഇതോടെ പ്രതിദിനം നൂറ്റിയമ്പതു മുതൽ 200 രൂപയുടെ അധിക ചെലവാണ് ബസ് ഉടമകൾക്ക് മേൽ ഉണ്ടാവുക. പത്തു വർഷം മുൻപ് വരെ കേരളത്തിന്റെ നിരത്തുകളിൽ 19000ത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ അത് 6000 ആയി ചുരുങ്ങിയെന്നാണ് പ്രൈവറ്റ് ബസ് അസോസിയേഷന്‍റെ കണക്ക്.
ബജറ്റിൽ സർക്കാർ സ്വകാര്യ ബസുകളുടെ നികുതി 10 ശതമാനം കുറച്ചിരുന്നു. സ്വകാര്യ ബസുകൾക്ക് മൂന്നുമാസത്തിലൊരിക്കൽ പരമാവധി 30000 രൂപയാണ് നികുതി. അതായത് കിഴിവ് 3000 രൂപയുടെ കിഴിവ് മാത്രമാണ് ബസുടമകൾക്ക് ലഭിക്കുക. ഒരു മാസത്തിൽ ആയിരം രൂപയുടെ കുറവ്. എന്നാൽ ഇന്ധന വില വർദ്ധനവിലൂടെ മാസം ശരാശരി 6000 രൂപയുടെ ബാധ്യത ബസുടമകൾ താങ്ങേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ മാസം ആയിരം രൂപയുടെ ഇളവുനൽകി ആറായിരം രൂപയുടെ ബാധ്യതതയാണ് സർക്കാർ വരുത്തിയിരിക്കുന്നത്.
Tags:
Bus