ടാർപോളിൻ പറന്ന് പോയപ്പോള്‍ ലോറി നിര്‍ത്തി; ഇടിച്ച് കയറി ബൈക്ക്, കമ്പികൾ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം



തൃശൂര്‍: തൃശൂര്‍: തൃശൂർ ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. 21 വയസായിരുന്നു. കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം. ചെമ്പൂത്ര ഭാഗത്തൂടെ കോൺക്രീറ്റ് കമ്പികളും കയറ്റി പോവുകയായിരുന്ന ലോറി. പുറത്ത് മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് ഇതിനിടെ പറന്ന് പോയി. ഇത് എടുക്കാൻ വണ്ടി നിർത്തിയപ്പോഴാണ് പിന്നിൽ വരിക ആയിരുന്ന ബൈക്ക് ഇടിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന് യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. മാലിന്യക്കുഴിയിൽ വീണ് പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയെന്ന നാല് വയസുകാരി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ലേബർ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശം നല്‍കി.

പെരുമ്പാവൂരില്‍ അമ്മയുടെ ജോലി സ്ഥലത്തെത്തിയ പശ്ചിമ ബംഗാൾ സ്വദേശി അസ്മിനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാവിലെ അമ്മ ഹനൂഫ ബീവിക്കൊപ്പം കുറ്റിപ്പാടത്തെ നോവ പ്ലൈവുഡ് കമ്പനിയിലെത്തിയതായിരുന്നു അസ്മിനി. അമ്മ കമ്പനിക്കുള്ളിൽ ജോലി ചെയ്യുമ്പോൾ നാല് വയസ്സുള്ള മകൾ കൂട്ടുകാരിക്കൊപ്പം കളിക്കുകയായിരുന്നു. കമ്പനിയിലെ ബോയിലറിൽ നിന്നും വെള്ളമൊഴുകി എത്തുന്ന പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് കുഞ്ഞ് വീണത്.


സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പാവൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കമ്പനി താത്കാലികമായി അടച്ചിടാനും ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പ് നിർദ്ദേശം നൽകി. മാലിന്യവെള്ളമെത്തുന്ന കുഴി മുഴുവൻ സമയവും സ്ലാബിട്ട് മൂടേണ്ടതാണ്. എന്നാല്‍, മാലിന്യം നീക്കം ചെയ്യാൻ ഇന്നലെ തുറന്ന് വെച്ച കുഴി മൂടാൻ വിട്ട് പോയെന്നാണെന്നാണ് ഉടമയുടെ വിശദീകരണം. അപകടകരമായ തൊഴിൽ സാഹചര്യവും ശാസ്ത്രീയമായ രീതിയിൽ കുഴി മൂടാത്തതും ചൂണ്ടിക്കാട്ടിയാണ് കമ്പനി താത്കാലികമായി അടച്ചിടാൻ ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് നോട്ടീസ് നൽകിയത്.

Thrissur accident
Previous Post Next Post