
കോഴിക്കോട്: സി.എച്ച് മേൽപ്പാലം ഇനി പുതുമോടിയിൽ. പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പാലത്തിന്റെ കണ്ണൂർ ഭാഗത്ത് നിന്ന് റെയിൽവേ ഭാഗത്തേക്കുള്ള ഭാഗത്താണ് ചെറിയ തോതിൽ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. കടപ്പുറം, ജനറൽ ആശുപത്രി, കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിലെ മേൽപ്പാലത്തിന്റെ അടർന്ന കോൺക്രീറ്റ് കമ്പികൾ, കൈവരി, ഫൂട്ട്പാത്ത് എന്നിവ മാറ്റുന്ന പ്രവൃത്തികളാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. നാളെ മുതൽ കാന്റിലിവർ സ്ലാബിന്റെയും കെെവരികളുടെയും പ്രവൃത്തികളാണ് നടക്കുക.
പാലത്തിനടിയിലെ കെട്ടിടങ്ങൾ കോർപ്പറേഷൻ പൊളിച്ച് നീക്കുന്ന മുറയ്ക്ക് മറ്റുള്ള പ്രധാന പ്രവൃത്തികളും നടക്കും. ഒൻപത് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാവുമെന്നാണ് കരുതുന്നത്. മുംബൈ ആസ്ഥാനമായ എസ്.എസ്.പി.ഐ (സ്ട്രക്ചറൽ സ്‌പെഷലിസ്റ്റ് ആൻഡ് പ്രൊജക്ട് ഇന്ത്യ) ക്കാണ് പാലത്തിന്റെ നിർമ്മാണ ചുമതല. 3.6 കോടി ചെലവിലാണ് പാലം പണി പൂർത്തീകരിക്കുന്നത്. മൈക്രോ കോൺക്രീറ്റ്, പോളിമർ മോഡിഫൈഡ് മോർട്ടർ വർക്ക് ചെയ്യുന്ന സമയങ്ങളിൽ പാലത്തിലെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ ആംഭിക്കും.
പാലം പൂർണമായും പൊളിച്ചു മാറ്റാതെയാണ് നവീകരണം നടക്കുക. പാലത്തിലെ അടർന്ന കോൺക്രീറ്റ് കമ്പികൾ മാറ്റി പുതിയവ സ്ഥാപിക്കും. കൈവരി , ഫൂട്ട്പാത്ത് എന്നിവ പൂർണമായും മാറ്റി പുതിയത് നിർമ്മിക്കും. തുരുമ്പുപിടിച്ച് നശിക്കാതിരിക്കാൻ കാഥോഡിക് സുരക്ഷയാണ് ഒരുക്കുന്നത്. ഉപ്പുകാറ്റ് ഏൽക്കുന്ന പ്രദേശമായതിനാൽ ആന്റി കാർബണേഷനും നടത്തും. കഴിഞ്ഞ ദിവസം പാലം ബലപ്പെടുത്താനുള്ള പണിക്കായി ഇരുമ്പുകമ്പികളും മറ്റും ഇറക്കിയിരുന്നു.
പാലത്തിനടിയിൽ 67 കച്ചവടക്കാരാണുള്ളത്. ഇവർ ഫെബ്രുവരി 18-ഓടെ കടമുറികൾ ഒഴിഞ്ഞുകൊടുത്തിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം കടമുറികൾ വ്യാപാരികൾക്ക് തിരിച്ചു നൽകുമെന്ന കോർപ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരാറിന്റെ അടിസ്ഥാനത്തിലാണ് കടമുറികൾ വ്യാപാരികൾ ഒഴിഞ്ഞത്. വ്യാപാരികൾ പൂർണമായും ഒഴിഞ്ഞതോടെയാണ് കോർപ്പറേഷൻ കടമുറികൾ പൊളിച്ചുനീക്കി പാലം മുബൈ എസ്.എസ്.പി.ഐ (സ്ട്രക്ചറൽ സ്‌പെഷലിസ്റ്റ് ആൻഡ് പ്രൊജക്ട് ഇന്ത്യ) ക്ക് കൈമാറിയത്. ബദൽ സംവിധാനം ഒരുക്കാൻ കോർപ്പറേഷന് സാധിക്കാതിരുന്നതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപാരികൾ താത്കാലികമായി കടമുറികൾ വാടകയ്ക്ക് എടുത്തിരിക്കുകയാണ്.
നേരത്തെ ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്ച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവ് കാരണം പാലത്തിന്റെ 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയിരുന്നു. പാലത്തിന് കീഴിലുള്ള 69 കടമുറികളിൽ 63 മുറികളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
നിർമ്മാണ പ്രവൃത്തിയുടെ പൂജ ചടങ്ങിൽ എസ്.എസ്.പി.ഐ റീജിയണൽ മാനേജർ അനിൽ.എൻ, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനിയർ അജിത്ത് കുമാർ, അസി.എക്സിക്യുട്ടീവ് എൻജനിയർ ഷിനി, അമൽ എന്നിവരും വിവിധ വ്യാപാരി സംഘടനകളും പങ്കെടുത്തു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
flyover