റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ആവേശ ചൂളംവിളി; വികസനത്തിലേക്ക് ടിക്കറ്റ് ഉറപ്പായി

kozhikode railway station
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ച ശേഷം, കോഴിക്കോട്ട് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ തിരി തെളിക്കുന്നു. പാലക്കാട് അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ സി.ടി.സക്കീർ ഹുസൈൻ, എം.കെ.രാഘവൻ എംപി, മേയർ ബീന ഫിലിപ് എന്നിവർ സമീപം.


കോഴിക്കോട്:യാത്രക്കാരുടെ ചിരകാലസ്വപ്നമായ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ആവേശ ചൂളംവിളി; രാജ്യാന്തര നിലവാരത്തിലേക്കുള്ള വികസനം യാഥാർഥ്യമാകുന്നതിന്റെ ആദ്യപടിയാണ് ഇന്നലെ നടന്ന ശിലാസ്ഥാപന ചടങ്ങ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഓൺലൈനായി നിർവഹിച്ചത്. കോഴിക്കോട്ട് ചേർന്ന സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എംപി, മേയർ ബീന ഫിലിപ് തുടങ്ങിയവരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും തൽസമയം പങ്കുചേർന്നു.
കോഴിക്കോട് സ്റ്റേഷനിൽ ദിവസവും ഒന്നര ലക്ഷം പേർക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള നവീകരണമാണ് നടക്കുകയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോഴിക്കോട്ട് നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി വികസനം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. ശിലാസ്ഥാപന സമ്മേളനത്തിൽ എം.കെ.രാഘവൻ എംപി അധ്യക്ഷനായിരുന്നു. മേയർ ബീന ഫിലിപ്, പാലക്കാട് അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

നവീകരണം 3 വർഷത്തിനകം: എം.കെ.രാഘവൻ 

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം 3 വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. ശിലാസ്ഥാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2010ൽ മമത ബാനർജിയും ഇ.അഹമ്മദും റെയിൽവേ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് കോഴിക്കോട് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പല തവണ നീണ്ടുപോയി. ഒടുവിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും താനും റെയിൽവേ മന്ത്രിയെ കണ്ട് ചർച്ച നടത്തിയതോടെയാണ് കരാർ നടപടിയിലേക്ക് കടന്നതെന്നും എം.കെ.രാഘവൻ പറഞ്ഞു

9 റെയിൽവേ ട്രാക്ക്, വിശാലമായ ബിസിനസ് ലോഞ്ച്, വ്യാപാരസമുച്ചയം അടങ്ങിയ കൊമേഴ്സ്യൽ ലോഞ്ച് തുടങ്ങിയവയാണ് പുതുക്കിയ പദ്ധതിയിലെ ആകർഷണങ്ങൾ. ഫ്രാൻസിസ് റോഡിൽ നിന്ന് നേരിട്ട് നാലാം പ്ലാറ്റ് ഫോമിലേക്ക് റോഡ് നിർമിക്കുന്നതും പദ്ധതിയിലുണ്ടെന്ന് എംപി പറഞ്ഞു.

Kozhikode railway station renovation

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post