മാമുക്കോയയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ, പൊതുദ‍ർശനം കഴിഞ്ഞു; സംസ്കാരം ഇന്ന്



കോഴിക്കോട് : അന്തരിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ കോഴിക്കോട്ടെ ടൌൺഹാളിലേക്കെത്തിയത് ആയിരങ്ങളാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പൊതുദ‍ർശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും ജനങ്ങൾ എത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. ഇന്ന് രാവിലെ 10ന് കണ്ണമ്പറത്ത് ശ്മശാനത്തിലാണ് കബറടക്കം.  
ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മാമുക്കോയയെയാണ് നാട്ടുകാരും ഓർമിക്കുന്നത്. അദ്ദേഹത്തിന് സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങൾ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും മലയാളികൾക്കിടയിൽത്തന്നെ കാണുമെന്ന് ഉറപ്പാണ്. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിത്തീർന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ  മാമുക്കോയ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു. 'അന്യരുടെ ഭൂമി' ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമ രംഗത്തേക്കെത്തിയത്. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി.  പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ പ്രകടനം സംസ്ഥാന പുരസ്‌കാരം നേടി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകൾ. 


malayalam film actor mamukkoya funeral updates today from kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post