ദില്ലി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എൻഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇത് കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ വലിയ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതൽ എൻഐഎ സംഘം ഇതിൽ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീൻബാഗ് മുതൽ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികൾ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.
എൻഐഎ കേസ് ഏറ്റെടുക്കുമെന്ന സൂചന നേരത്തേ തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ചൊരു പ്രകോപനവും ഇല്ലാതെയുള്ള ആക്രമണം തീവ്രവാദ സ്വഭാവമുള്ളതാണെന്ന വിലയിരുത്തലായിരുന്നു. പ്രതി പൊലീസ് അന്വേഷണത്തോടും ചോദ്യങ്ങളോടും നിസഹകരിച്ചിരുന്നു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നടക്കം ഏറെ കാര്യങ്ങൾ ഇതിൽ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
NIA took over Elathur train fire attack case
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Kozhikode train fire