നാദാപുരം: കഴിഞ്ഞ ദിവസം രാത്രി ടൗണിൽ എത്തിയ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും ഒരു കൂട്ടം യുവാക്കളും തമ്മിൽ സംഘർഷം. പൊലീസ് ലാത്തിവീശി. വെള്ളിയാഴ്ച രാത്രി 10നു ശേഷമാണ് ബസ് സ്റ്റാൻഡിന് പിറകിൽ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഇവർക്കൊപ്പം എത്തിയ ഒരു കൂട്ടം യുവാക്കളും തമ്മിൽ തല്ലിയത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാർഥിക്ക് മർദനമേറ്റെന്നും ഇതിന് പകരം വീട്ടാൻ ടൗണിൽ എത്തിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നുമാണ് പറയുന്നത്. നൂറിലേറെ വിദ്യാർഥികൾ വടികളും മറ്റുമായി തല്ലിനിറങ്ങിയതോടെയാണ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി, എസ്ഐ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി ലാത്തി വീശിയത്. ചിതറി ഓടിയ സംഘം വീണ്ടും ടൗണിലെത്തി തല്ലുകൂടി. ഒടുവിൽ എല്ലാവരെയും പൊലീസ് വിരട്ടി വിട്ടു.
നാമമാത്രമായ പൊലീസുകാർ മാത്രമാണ് സംഘർഷം നിയന്ത്രിക്കാൻ ആദ്യം ഉണ്ടായിരുന്നത്. കൺട്രോൾ റൂം പൊലീസ് എത്താൻ ഏറെ വൈകി. ഏതാനും വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് രക്ഷിതാക്കളെ വരുത്തി വിട്ടയച്ചു. സംഘർഷത്തെ തുടർന്ന് ടൗണിലെ കടകളെല്ലാം അടച്ചു. ചില കടകൾ പൊലീസ് പൂട്ടിച്ചു. ടൗണിൽ ഗതാഗത തടസ്സവും നേരിട്ടു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.