വാഹന മോഷണ പരമ്പര കോഴിക്കോട് പ്രായപൂർത്തിയാകാത്ത ഏഴുപേർ പിടിയിൽകോഴിക്കോട്: ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനമോഷണ സംഭവങ്ങളിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഏഴുപേരെ പൊലീസിന്റെ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് പിടികൂടി. ജില്ലയിൽ ഇരുചക്ര വാഹനമോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസിന്റെ നിർദേശപ്രകാരം സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കിയത്. നടക്കാവ്, ബേപ്പൂർ, ടൗൺ, വെള്ളയിൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നാണ്‌ ഇവർ മോഷണം നടത്തിയത്.
നിരവധി വാഹനങ്ങൾ കണ്ടെടുത്തതായും മറ്റുള്ളവയെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. പ്രധാനമായും സ്‌പ്ലെൻഡർ ബൈക്കുകളായിരുന്നു മോഷ്ടിച്ചത്. ഇതിലൊരു വാഹനം പൊളിച്ചത് പ്രതിയുടെ വീട്ടിൽവച്ചാണ്. മോഷണസംഘത്തിലുൾപ്പെട്ടവരെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരം ധരിപ്പിക്കുകയുംചെയ്‌തു.

ബേപ്പൂർ പുതിയലത്ത് ക്ഷേത്രത്തിനുസമീപം, ബീച്ചിൽ സീക്യൂൻ ഹോട്ടലിനുസമീപം, ഓപ്പൺ സ്റ്റേജ്, വെസ്റ്റ്ഹിൽ കനകാലയ ബാങ്ക്‌, ഹൈലൈറ്റ് മാൾ എന്നിവിടങ്ങളിൽനിന്ന്‌ മോഷണംപോയ ബൈക്കുകൾ ഇവരിൽനിന്ന്‌ കണ്ടെടുത്തു. സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ്‌ ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം എന്നിവരായിരുന്നു അന്വേഷകസംഘത്തിലുണ്ടായിരുന്നത്.


ബൈക്ക്‌ മോഷണത്തിന്‌ പിന്നിൽ റൈഡ് മോഹവും ലഹരി ഉപയോഗവും

അമിതമായ ബൈക്ക് റൈഡ് മോഹവും ലഹരി ഉപയോഗവും ആർഭാടജീവിതവും കുട്ടികളെ വഴിതെറ്റിക്കുന്നതായി പൊലീസ്. രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങുന്ന കുട്ടികൾ മോഷ്‌ടിച്ച വാഹനങ്ങളിൽ നൈറ്റ് റൈഡ്‌ നടത്തുകയും വഴിയിൽ കാണുന്ന മറ്റ് ബൈക്കുകൾ മോഷ്ടിക്കുകയുമാണ് പതിവ്. പൊലീസിനെ കണ്ടാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടും. മോഷ്ടിച്ച വാഹനങ്ങൾ രൂപമാറ്റം വരുത്തി വ്യാജനമ്പർ വെച്ച്‌ ഓടിക്കും. കുറച്ചുകാലം ഓടിച്ച ശേഷം കുറഞ്ഞ വിലയ്‌ക്ക് വിൽക്കും. വാഹനങ്ങളിൽ ചിലത് സ്വന്തം വീട്ടിൽ വെച്ച് പൊളിച്ചിട്ടും രക്ഷിതാക്കൾ അറിഞ്ഞില്ലെന്നതാണ്‌ പ്രധാനം.

സമീപ കാലങ്ങളിലായി കുട്ടികൾ കൂടുതലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്‌പാൽ മീണ പറഞ്ഞു. രക്ഷിതാക്കളോട് ചോദിച്ചതിൽ കൂടുതൽ കുട്ടികളും രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരുമാണെന്നും ഇത്തരക്കാരെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്‌പാ‌ൽ മീണ പറഞ്ഞു.

Seven minors arrested in Kozhikode vehicle theft series
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post